യുഎഇ സഹായം 700 കോടി പ്രതിസന്ധിയില്‍; വിദേശ സഹായ ഫണ്ടില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രം,വായ്പയായി വാങ്ങിയാല്‍ മതി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രനയം തടസ്സമാകുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും പണം സ്വീകരിക്കരുതെന്നാണ് ചട്ടം. ഇതോടെ യുഎഇ നല്‍കുമെന്ന പറഞ്ഞ 700 കോടി രൂപ കേരളത്തിന് നഷ്ടമാകും.

വായ്പയായി മാത്രം സ്വീകരിക്കാമെന്നാണ് നിലവിലെ ചട്ടമെന്ന് കേന്ദ്രവൃത്തങ്ങള്‍ വ്യക്തമാക്കി. യുഎഇയോടൊപ്പം യുഎന്‍ സഹായവും ഇതോടെ പ്രതിസന്ധിയിലായി. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത്തരത്തില്‍ ചട്ടം കൊണ്ടുവന്നതെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ നയപരമായ മാറ്റം ഉണ്ടാകണം. ഇതുസംബന്ധിച്ച് നിലപാടുകള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അവസാനമായി വിദേശസഹായം ലഭിച്ചത് സുനാമി പ്രളയകാലത്തും ഉത്തരാഖണ്ഡ് ദുരന്തകാലത്തുമായിരുന്നു.

കേരളത്തിന് എഴുനൂറ് കോടി രൂപ നല്‍കും എന്നാണ് യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇക്കാര്യം പ്രധാനമന്ത്രിയെ ഔദ്യോഗികമായി അവര്‍ അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയെ നേരിട്ടും ഇക്കാര്യം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ അറിയിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സഹായം ആയി അഞ്ഞൂറ് കോടി രൂപയായിരുന്നു കേരളത്തിന് പ്രഖ്യാപിച്ചത്. അതിന് മുമ്പ് ഒരു നൂറ് കോടി രൂപയും പ്രഖ്യാപിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment