കേരളത്തിന് നല്‍കാന്‍ പണമില്ലാതെ വിഷമിച്ച് ആരാധകന്‍, ഞെട്ടിച്ച് സുശാന്ത് സിങ്

മുംബൈ: പ്രളയം കേരളത്തിന് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതത്തിന്റെ ആഴം അളക്കാനാകാത്തതാണ്. അതില്‍ നിന്നും കരകയറാന്‍ എത്ര നാളെടുക്കുമെന്ന് നിശ്ചയമില്ല. പലര്‍ക്കും വീടും ഉപജീവന മാര്‍ഗ്ഗവും നഷ്ടമായി. എന്നാല്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. ഓരോ മനുഷ്യനും നാടിനെ പുനര്‍ നിര്‍മ്മിക്കാനായി കൈ കോര്‍ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളുടേയും വിദേശ രാജ്യങ്ങളുടേയും പിന്തുണയും സഹായവും അതിന് കേരളത്തിനുണ്ട്.

കേരളത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം വാഗ്ദാനം ചെയ്ത കേരളത്തിന് പുറത്തു നിന്നുമുള്ള സുമനസുകളും രംഗത്തെത്തുന്നുണ്ട്. എന്നാല്‍ കൈയ്യില്‍ പണമില്ലാത്തത് മൂലം എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നവരും ധാരാളമാണ്. അത്തരത്തില്‍ ഒരു ആരാധകന്റെ വിഷമം മാറ്റിയിരിക്കുകയാണ് ബോളിവുഡിന്റെ യുവതാരം സുശാന്ത് സിംഗ് രജ്പുത്.

സുബ്രഹ്മണ്യന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അതിന് സുശാന്ത് നല്‍കിയ മറുപടിയാണ് സുബ്രഹ്മണ്യനെ ഞെട്ടിച്ചത്. സുശാന്തിന്റെ മറുപടി ‘നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം.’ എന്നായിരുന്നു.

ഇതിന് പിന്നാലെ സുശാന്ത് പണം സുബ്രഹ്മണ്യന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment