കനത്ത മഴയില്‍ പമ്പ മുങ്ങി ,അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്;കനത്ത ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അയ്യപ്പഭക്തര്‍ ശബരിമല യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിറപുത്തരി ഉത്സവത്തിന് വേണ്ടി നടതുറക്കാനിരിക്കെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും പൊലീസും പമ്പയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു വിട്ടതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. പമ്പാ ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പമ്പയിലെ സ്ഥിതി അപകടകരമാണ്. കടകളും മറ്റും പൂര്‍ണമായും മുങ്ങി. വരുന്ന തീര്‍ത്ഥാടകരെ പത്തനംതിട്ടയിലും എരുമേലിയും തടയാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്ക് പോകാന്‍. പാലം കടന്ന് മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാന്‍ കഴിയില്ല. ശബരിമല സന്നിധാനം ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇരുപത്തഞ്ചോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നു. പമ്പയിലെ ശര്‍ക്കര ഗോഡൗണില്‍ വെള്ളം കയറി. ഹോട്ടലുകള്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടായി. ഒരു ഹോട്ടലില്‍നിന്ന് മാത്രം 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

അതേസമയം, ബാണാസുരസാഗര്‍, മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും തീരുമാനിച്ചു. ബാണാസുരസാഗര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. നിലവില്‍ 90 സെന്റിമീറ്റര്‍ ഉയരത്തില്‍ തുറന്നിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ശക്തമായ മഴപെയ്തതിനെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 30 സെന്റീമീറ്റര്‍ ഉയര്‍ത്തി.

കല്‍പ്പാത്തിപ്പുഴയില്‍ വെള്ളം ഉയരുന്നുണ്ട്. മൂന്നിടങ്ങളിലും നദീതീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലെത്തിയെങ്കിലും ഇടമലയാര്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ പെരിയാറില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7