ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ വിവിപാറ്റ് യന്ത്രങ്ങള്‍ തകരാറിലാകുന്നതു പരിഹരിക്കാന്‍ മാറ്റങ്ങളുമായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍. യന്ത്രങ്ങളിലെ സെന്‍സറുകളുടെ മുകളില്‍ ചെറിയ മറ, ഈര്‍പ്പം തട്ടാത്ത രീതിയിലുള്ള പേപ്പര്‍ റോള്‍ എന്നീ മാറ്റങ്ങളായിരിക്കും കൊണ്ടുവരികയെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു.
കൈരാന, ഭണ്ഡാര–ഗോണ്ടിയ തുടങ്ങിയ നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ക്കു തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിദഗ്ദ സംഘം പ്രശ്‌നം പഠിച്ച ശേഷമാണു പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. സെന്‍സറുകളില്‍ നേരിട്ടു പ്രകാശം പതിക്കുന്നതാണ് യന്ത്രം പെട്ടെന്നു തകരാറിലാകാന്‍ കാരണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. പേപ്പര്‍ റോളില്‍ ഈര്‍പ്പമെത്തുന്നതുമൂലവും തകരാര്‍ സംഭവിക്കുന്നതായും കണ്ടെത്തലുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
ലളിതമായ മാറ്റങ്ങളിലൂടെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാമെന്നാണു കരുതുന്നതെന്നും റാവത്ത് പറഞ്ഞു. ചൂടോ ഈര്‍പ്പമോ തട്ടിയാലും വോട്ടിങ് യന്ത്രങ്ങള്‍ക്കു തകരാര്‍ ഉണ്ടാകില്ല. എന്നാല്‍ വിവിപാറ്റ് യന്ത്രങ്ങളിലെ ഇലക്ട്രോ– മെക്കാനിക്കല്‍ ഭാഗങ്ങളെ ഇതു ബാധിക്കാന്‍ സാധ്യതയുണ്ട്– അദ്ദേഹം വ്യക്തമാക്കി. വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവയാണു യാന്ത്രത്തില്‍ കാണാനാകുക. വോട്ടു ചെയ്തയാളുടെ വിശദാംശങ്ങള്‍ പേപ്പറില്‍ ഉണ്ടാകില്ല.
ഏഴ് സെക്കന്‍ഡ് ദൃശ്യമായതിനു ശേഷം പെട്ടിയിലേക്കു വീഴുന്ന രീതിയിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. എന്നാല്‍ വോട്ടര്‍ക്ക് ഇത് കയ്യില്‍ ലഭിക്കില്ല. വോട്ടിങ്ങിനെക്കുറിച്ചു പരാതി ഉയര്‍ന്നാല്‍ സ്ലിപ്പുകള്‍ എണ്ണി പരിഹാരം കാണാം. വോട്ടെടുപ്പു പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ബാലറ്റ് പെട്ടിയും സീല്‍ ചെയ്തു സൂക്ഷിക്കും.
Leave a Comment