കേരള തീരത്തിന്റെ പകുതിയോളം കടലെടുത്തു; കൂടുതല്‍ നഷ്ടം ബംഗാളിന്

ന്യൂഡല്‍ഹി: കേരള തീരത്തിന്റെ പകുതിയോളം (40 ശതമാനത്തിലേറെ) കടലെടുത്തതായി പഠന റിപ്പോര്‍ട്ട്. കടല്‍ക്ഷോഭവും ഡ്രജിങ് ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കാരണം കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെയാണ് ഇത്രയും ഭാഗം കടലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം, 21 ശതമാനത്തിലേറെ തീരനിക്ഷേപവും ഉണ്ടായിട്ടുള്ളതിനാല്‍ സ്ഥിതി ആശങ്കാജനകമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ തീരപ്രദേശത്തിന്റെ മൂന്നിലൊന്നു നഷ്ടപ്പെട്ടതായും ഏകദേശം അത്രതന്നെ കര രൂപപ്പെട്ടതായും ദേശീയ തീര ഗവേഷണ കേന്ദ്രം (എന്‍സിസിആര്‍) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബംഗാള്‍ (63%), പുതുച്ചേരി (57%) എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്ത്. എന്നാല്‍, പശ്ചിമ തീരത്ത് ഏറ്റവുമധികം നഷ്ടം കേരളത്തിനാണ്.

രാജ്യത്തിന്റെ ആകെയുള്ള 7,517 കിലോമീറ്റര്‍ തീരദേശത്തെ 6,031 കിലോമീറ്ററാണു പഠനവിധേയമാക്കിയത്. 1990 മുതല്‍ 2016 വരെയുള്ള കാലത്തെ ഉപഗ്രഹ ചിത്രങ്ങളും 526 ഭൂപടങ്ങളും ഉപയോഗിച്ചായിരുന്നു പഠനം. കടലേറ്റവും തീരനിക്ഷേപവും പരസ്പര പൂരിതമാണെന്നും ഒരുഭാഗത്തെ മണ്ണ് ഒലിച്ചുപോയാല്‍ മറ്റെവിടെയെങ്കിലും അതു നിക്ഷേപിക്കപ്പെടുമെന്നും എന്‍സിസിആര്‍ ഡയറക്ടര്‍ എം.വി. രമണമൂര്‍ത്തി പറഞ്ഞു.

pathram:
Related Post
Leave a Comment