കേരളത്തിന് നഷ്ടം 8,300 കോടി; അടിയന്തരമായി 100 കോടി നല്‍കാമെന്ന് കേന്ദ്രം; അടിയന്തര ആശ്വാസമായി 1220 കോടി രൂപ വേണമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് അടിയന്തരസഹായമായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. 1924ന് ശേഷം സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമായി കണക്കാക്കുന്ന ഇത്തവണ 8,316 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍. അതേസമയം, ദുരിതത്തില്‍ നിന്ന് കരകയറുന്നതിനായി കേന്ദ്രം കൂടുതല്‍ തുക അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി പ്രളയ പ്രശ്‌നങ്ങള്‍ നേരിടുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

പ്രാഥമിക വിലയിരുത്തലനുസരിച്ച് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറഞ്ഞു.

പുനരധിവാസത്തിനും തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനുമുളള യഥാര്‍ത്ഥ നഷ്ടം വിലയിരുത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ പ്രാഥമികമായ കണക്കുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. അടിയന്തര ആശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ 820 കോടി രൂപ എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ആദ്യഘട്ടത്തിലുണ്ടായ കാലവര്‍ഷക്കെടുതിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതും സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്തതുമാണ്. ഒരേ സീസണില്‍ രണ്ടാംവട്ടമാണ് കേരളത്തില്‍ മഴക്കെടുതിയുണ്ടാകുന്നത്. ഇത് കണക്കിലെടുത്ത് നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പാക്കേജ് സംബന്ധിച്ച നിവേദനം ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ്. ദേശീയദുരന്തനിവാരണ ഫണ്ടിന്റെ നിബന്ധനകള്‍ പ്രകാരം നഷ്ടപരിഹാരം തുലോം പരിമിതമാണ്. കേരളത്തിനുണ്ടായ നഷ്ടത്തിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം അനുവദിക്കണം.

1924നു ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണില്‍ കേരളം നേരിട്ടത്. പതിനാലില്‍ പത്തു ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. കേന്ദ്രസംഘം കേരളത്തില്‍ പര്യടനം നടത്തുന്നതിനിടയിലാണ് വീണ്ടും പേമാരിയും അതിന്റെ ഭാഗമായ കെടുതികളും ഉണ്ടായത്.

വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തിനും ഭീമമായ നഷ്ടമാണുണ്ടായത്. ആഗസ്റ്റ് 9 മുതല്‍ 12 വരെയുളള തീയതികളില്‍ മാത്രം 37 ജീവന്‍ നഷ്ടപ്പെട്ടു. അഞ്ചു പോരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ ഇതിനകം 186 പേരാണ് മരണപ്പെട്ടത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായി. പതിനായിരങ്ങള്‍ ദുരിതാശ്വാസ കേമ്പുകളിലാണ്. കേന്ദ്രസേനാ വിഭാഗങ്ങളുടെയും എന്‍.ഡി.ആര്‍.എഫിന്റെയും സഹായത്തോടെ സംസ്ഥാന ഭരണസംവിധാനം പൂര്‍ണ്ണമായി ദുരന്തനിവാരണദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുയാണ്.

സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്നു തന്നെ സേനാവിഭാഗങ്ങളെ അയച്ചുതന്നതിന് കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. ദുരന്തത്തിന്റെ ആഘാതം ഒരുപാട് കാലം കേരളം നേരിടേണ്ടിവരും. ഇരുപതിനായിരത്തോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. പതിനായിരത്തോളം കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകള്‍ മാത്രം തകര്‍ന്നു. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടും കണക്കുകളും താമസിയാതെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോകളും ചിത്രങ്ങളും നിവേദനത്തോടൊപ്പം കേന്ദ്രമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment