കലിതുള്ളി കാലവര്‍ഷം, ചെറുതോണി പാലം മുങ്ങി; ഗതാഗതം നിരോധിച്ചു, മുഖ്യമന്ത്രി നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ 7.30 നാണ് മുഖ്യമന്ത്രി ദുരിത ബാധിത സ്ഥലങ്ങളിലെത്തുക. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരും ഉണ്ടാകും.

ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ ചെറുതോണി ടൗണിലേക്ക് എത്തുന്ന വെള്ളത്തിന്റെ ശക്തി മൂന്നിരട്ടി വര്‍ധിച്ചു. രാവിലെ 11.30ടെയാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെ ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയായിരുന്നു. ചെറുപാലങ്ങളെയും ചപ്പാത്തുകളിലും വെള്ളം കയറി പരന്നൊഴുകി തുടങ്ങിയതോടെ മരങ്ങളും കടപുഴകി വീണു. ഡാമില്‍ നിന്നുള്ള വെള്ളം ചപ്പാത്ത് വഴി ഒഴുകി പെരിയാറില്‍ ചേരുകയാണ് ചെയ്യുന്നത്.

പ്രളയ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി, ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുമെന്നാണ് സൂചന. മഴക്കെടുതി നേരിട്ട് കണ്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തുന്നുണ്ട്. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച രാജ്നാഥ് സിംഗ് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പും നല്‍കി.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ഔദ്യോഗിക ഓണാഘോഷം മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണാഘോഷം റദ്ദാക്കി, തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും വ്യക്തമാക്കിയിരുന്നു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7