കേരളത്തിലേക്ക് പോകരുത്!!! പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എസ് ഭരണകൂടം

ന്യൂയോര്‍ക്ക്: വിനോദസഞ്ചാരത്തിനായി കേരളത്തിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് യുഎസ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മലയിടിച്ചിലും വെളളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തെ വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്നാണ് യുഎസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ 26 പേരാണ് മരിച്ചത്. പല ജില്ലകളിലും മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് അതീവഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും രണ്ടുദിവസം കൂടി അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭാരതപ്പുഴ, പെരിയാര്‍ ഉള്‍പ്പെടെ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ഭാരതപ്പുഴ കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ പുറത്തൂര്‍, തിരുനാവായ, നരിപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. ഭാരതപുഴയോരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ 24 അണക്കെട്ടുകളാണ് തുറന്നത്. പാലക്കാട് ജില്ലയില്‍ അഞ്ചും ഇടുക്കി തൃശൂര്‍ ജില്ലകളില്‍ നാലു വീതം അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍, ഭൂതത്താന്‍കെട്ട്, മലമ്പുഴ എന്നിവയ്ക്കുപുറമേ കക്കയം, പെരുവണ്ണാമൂഴി, വയനാട് ബാണാസുരസാഗര്‍, നെയ്യാര്‍, തെന്മല, ശിരുവാണി തുടങ്ങിയ ഡാമുകളാണ് തുറന്നത്. ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ രണ്ടുമീറ്റര്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment