മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയില്‍

കൊച്ചി: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച്ച കൊച്ചിയിലെത്തും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിന്നു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പത്ത് കോടി നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.

അതേസമയം, മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയില്‍ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 27 ആയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവര്‍ത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവില്‍ കോഴിക്കോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങള്‍ പാലക്കാട് എത്തി. ഇവരില്‍ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി.

അതേസമയം, ഇടുക്കിയില്‍ തുറന്നുവിട്ട വെള്ളം ഇതുവരെ ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ എത്തിയിട്ടില്ല. ഇന്നലെ വൈകിട്ടത്തെ ജലനിരപ്പിനേക്കാള്‍ അല്‍പ്പം കുറവാണു വെള്ളം. ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചുനിര്‍ത്തുമ്പോഴുള്ള നിരപ്പില്‍ മാത്രമേ ഇപ്പോഴും വെള്ളമുള്ളു. കുട്ടമ്പുഴ വനമേഖലയില്‍ മഴയുണ്ട്. ഇടമലയാറില്‍നിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു കുറച്ചു. ഭൂതത്താന്‍കെട്ടില്‍നിന്നാണു വെള്ളം മലയാറ്റൂര്‍, കാലടി വഴി ആലുവയിലെത്തുന്നത്.

അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍നിന്നു മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ അറബിക്കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിനു പോകരുത്. ഈ മുന്നറിയിപ്പ് 10/08/2018 ഉച്ചയ്ക്ക് 2 മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

pathram desk 1:
Related Post
Leave a Comment