ചരിത്രപ്രധാനമായ ചിത്രം എടുക്കുമ്പോഴും മനസില്‍ ആ കുഞ്ഞു മുഖം മാത്രം; ഹൃദയഭേദകമായി ഫോട്ടോഗ്രാഫറുടെ ഫേസ്ബുക്ക് പോസ്റ്റ്

അടിമാലി ഉരുള്‍പൊട്ടലിന്റെ ഉള്ളുരുകുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ദുരന്തത്തിന്റെ ഭീകരത വെളിവാക്കുന്ന ദീപിക ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. അടിമാലിയില്‍ മഴയും ഉരുള്‍പൊട്ടലും കാരണം ദുരന്തം അനുഭവിക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് പോയ ബിബിന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ പ്രയാസങ്ങളും മണ്ണിനടിയില്‍ നിന്നും വിലപ്പെട്ട മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചപ്പോള്‍ വായിച്ചവരുടെ കണ്ണ് ഈറനണിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…..

വ്യാഴാഴ്ച രാവിലെ 4. 30 ന് ആണ് ആദ്യത്തെ കോള്‍. അടിമാലിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ആദ്യം സാധാരണ മണ്ണിടിച്ചില്‍ ആയിരിക്കും എന്ന് കരുതി വീണ്ടും കിടന്നു. കനത്ത മഴയുടെ ശബ്ദത്തിനു മുകളിലായി വീണ്ടും ഫോണിന്റെ ശബ്ദം. ഒരു കുടുംബത്തിലെ മൂന്നുപേര് മണ്ണിന്റെ അടിയില്‍.പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ബ്യുറോ ചീഫ് ജോണ്‍സണ്‍ സാറിനെ വിളിച്ചു. ഒന്നും നോക്കണ്ട ഇപ്പോള്‍ തന്നെ പുറപ്പെടാന്‍ നിര്‍ദ്ദേശം. മനസില്‍ ഇടുക്കി ഡാം തുറക്കുമോ എന്ന ആശങ്കയും അടിമാലിയില്‍ എന്താണ് സംഭവിച്ചത് എന്ന ചിന്തയോടും കൂടി അതിരാവിലെ അടിമാലിയിലേക്ക്. പോകുന്നതിനു മുന്‍പായി തൊടുപുഴ എസ് ഐ വിഷ്ണു സാറിന്റെ നിര്‍ദ്ദേശം. പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ട് സൂക്ഷിക്കണം.നിസാം ചേട്ടന്‍ മറ്റൊന്നും നോക്കാതെ ഞാന്‍ വിചാരിച്ച സമയത്തിന് മുന്‍പായി അടിമാലിയില്‍ എത്തിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി നിറുത്താതെ പെയ്യുന്ന മഴയുടെ രൗദ്രഭാവത്തിനു ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഐസു പോലെ തണുത്ത വെള്ളത്തിലൂടെ സംഭവസ്ഥലത്തേക്ക് ഓടി ചെല്ലുമ്പോള്‍ തൊടുപുഴയിലെ പരിചയമുള്ള ഒത്തിരി പൊലീസ് മുഖങ്ങള്‍. അരയ്‌ക്കൊപ്പം തണുത്ത ചെളിയില്‍ അവര്‍ തിരയുന്നു ജീവനുള്ള മുഖങ്ങള്‍ക്കു വേണ്ടി.

ഒത്തിരി താമസമുണ്ടായില്ല ആദ്യം ഒരാളെ കിട്ടി. ജീവനുണ്ടായിരിക്കണേ എന്ന പ്രാര്‍ത്ഥനയോടെ ക്യാമറയില്‍ പകര്‍ത്തുന്നതിനിടയ്ക്കു വീണ്ടും ഒരാളെ കൂടി കിട്ടി.അതും ക്യാമറക്കുള്ളിലാക്കി നില്‍ക്കുമ്പോള്‍ ഒരു ശബ്ദം… അങ്ങോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഹൃദയത്തില്‍ തട്ടുന്ന കാഴ്ച. മണ്ണില്‍ പുതഞ്ഞു കിടന്ന ഒരു കുഞ്ഞു ശരീരം തന്റെ മാറോടു ചേര്‍ത്തുപിടിച്ചു ഒരു ഫയര്‍ഫോഴ്സ് ഉദോഗസ്ഥന്‍. ആ മുഖത്തെ ഭയപ്പാടിന്റെ അര്‍ത്ഥം ഇപ്പോഴും മനസിലാകുന്നില്ല. താന്‍ ചേര്‍ത്തു പിടിച്ചിരിക്കുന്ന ആ പിഞ്ചുശരീരത്തില്‍ ഒരു തുള്ളി ജീവന്‍ ബാക്കിയുണ്ടോ എന്ന ഭയം ആയിരിക്കാം. പകുതിയോളം ചെളിയില്‍ പുതഞ്ഞു നിന്നിട്ടും കാലൊന്നു ഇടറാതെ അദ്ദേഹം ആ മാലാഖ കുഞ്ഞിനെ ആംബുലന്‍സില്‍ എത്തിച്ചു. ഇതിനിടയില്‍ പല തവണ എന്റെ ക്യാമറ ട്രിഗര്‍ പ്രസ് ആയി.. വീണ്ടും ഒരു കുഞ്ഞു ശരീരം കൂടി മണ്ണിനടിയില്‍ നിന്നും അവര്‍ കണ്ടെടുത്തു. കനത്ത മഴയില്‍ ബാപ്പയുടെയും ഉമ്മയുടെയും ചൂട് പറ്റി കിടന്നുറങ്ങിയ അവര്‍ തണുത്തുറഞ്ഞ മണ്ണിനടിയില്‍. ആ ചിത്രങ്ങളുമായി അടിമാലി ടൗണില്‍ വരുമ്പോള്‍ അടുത്ത ഫോണ്‍ കോള്‍. ഇടുക്കി ഡാം തുറക്കുന്നു.. ചരിത്ര പ്രധാനമായ ചിത്രം എടുക്കുമ്പോഴും മനസ്സില്‍ ആ കുഞ്ഞു മുഖങ്ങള്‍ മാത്രം….

pathram desk 1:
Related Post
Leave a Comment