ഇന്ത്യയിലെ ദൃശ്യ-പത്രമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മോദി നിയോഗിച്ചിരിക്കുന്നത് 200 അംഗ സംഘത്തെ!!! ശമ്പളം അരലക്ഷം വരെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദൃശ്യ പത്ര മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സ്തുതി പാടുന്ന വാര്‍ത്തകള്‍ മാത്രമാണ് വരുന്നതെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് 200 അംഗ സംഘത്തെ. മോദിയുടെ പേര് പരാമര്‍ശിക്കരുത് എന്ന് തന്നോട് ചീഫ് എഡിറ്റര്‍ നിര്‍ദ്ദേശിച്ചിരുന്നു എന്ന് എബിപി ന്യൂസില്‍നിന്ന് രാജിവെച്ച പുണ്യ പ്രസൂണ്‍ വെളിപ്പെടുത്തിയ ദ് വയറിലെ ലേഖനത്തില്‍ തന്നെയാണ് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വലിയൊരു സംഘത്തെ തന്നെ മോദി നിയോഗിച്ചിട്ടുണ്ടെന്ന കാര്യവും പറയുന്നത്. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയ ഡയറക്ടറുടെ കീഴിലാണ് 200 അംഗ സംഘം പ്രവര്‍ത്തിക്കുന്നത്.

മൂന്ന് തലങ്ങളിലായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ 150 പേരുടെ ജോലി ദൃശ്യ മാധ്യമങ്ങളെ തുടര്‍ച്ചയായി നിരീക്ഷിക്കുക എന്നതാണ്. ഇതില്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ ഏതൊക്കെ എന്ന് ഇവര്‍ കൃത്യമായി മോദിയുടെ ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയക്കും. വാര്‍ത്തകള്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പോലെ ആണ് പോകുന്നത് എന്ന് ഉറപ്പു വരുത്താന്‍ 25 പേരുടെ ടീമുണ്ട്. സര്‍ക്കാര്‍ പറയുന്നത് പോലെ തന്നെയാണോ വാര്‍ത്തകള്‍ പോകുന്നത് എന്ന് നിരീക്ഷിക്കലാണ് മറ്റൊരു 25 പേരുടെ സംഘത്തിന്റെ ജോലി. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതത്. മന്ത്രാലയത്തില്‍ നിന്ന് ഇത് നേരെ പോകുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ്.

28,000 മുതല്‍ 37,000 വരെയാണ് ഈ സംഘത്തിലുള്ള ആളുകളുടെ മാസശമ്പളം. മുകള്‍ തട്ടിലുള്ള ആളുകള്‍ക്ക് 49,500 രൂപയാണ് ശമ്പളം. കരാര്‍ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം എന്നതിനാല്‍ അവധി പോലും ഇവര്‍ക്ക് ലഭിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുള്ള നീക്കങ്ങള്‍. സര്‍ക്കാരിന് അനുകൂലമല്ലാത്ത രീതിയില്‍, അതായത് സര്‍ക്കാര്‍ പദ്ധതികളെ വിമര്‍ശിക്കുകയും മറ്റും ചെയ്യുന്ന മാധ്യമങ്ങളുടെ മേധാവികളെ ബന്ധപ്പെടുന്നതാണ് ആദ്യം ചെയ്യുന്നത്. പിന്നീട് വിമര്‍ശനങ്ങള്‍ തുടരുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തും. അവിടെയും നില്‍ക്കാതെ വരുമ്പോഴാണ് ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കുകയും ചാനലിന്റെ സിഗ്‌നല്‍ തകരാറിലാക്കുകയും മറ്റും ചെയ്യുന്നത്.

pathram desk 1:
Related Post
Leave a Comment