തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചതായി സൂചനകള്‍. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുനേര്‍ത്ത് അടിയന്തര യോഗത്തിലാണ് ഇടുക്ക് അണക്കെട്ടിന്റെ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായത്. ഇതുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തി അതാത് വകുപ്പുകള്‍ക്ക് തീരുമാനമെടുക്കാം.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു. പെരുമ്പാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. താമരശ്ശേരി, കുറ്റ്യാടി, പാല്‍ച്ചുരം വഴിയുള്ള ഗതാഗത നിയന്ത്രണം ശക്തമാക്കി. രാവിലെ ഒമ്പത് മണിക്ക് 2398.66 അടിയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇപ്പോഴത്തെ നിലയില്‍ ഉച്ചയോടെ തന്നെ ജലനിരപ്പ് 2399 അടിയിലെത്തിയേക്കാം. റെഡ് അലേര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍. ഇടമലയാര്‍ ഡാമിന്റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു.
ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. പെരിയാര്‍ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. മാത്രമല്ല, വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ശേഷികൂടി വിലയിരുത്തുമ്പോള്‍ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്‍ എപ്പോള്‍ വേണമെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനിക്കും.
കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 169.56 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അഞ്ച് വര്‍ഷം കൂടിയാണ് അണക്കെട്ട് തുറക്കുന്നത്
Leave a Comment