സ്‌കൂള്‍ അവധി ഇങ്ങനെ…; മൂന്ന് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഭാഗികം

കൊച്ചി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, പാലക്കാട്, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഭാഗികമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ഇന്നു സംസ്ഥാനത്ത്‌ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

അവധി ഇങ്ങനെ….

കൊല്ലം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

പാലക്കാട് ജില്ലയില്‍ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. സര്‍വകലാശാല പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.

താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍, പേരാമ്പ്ര, ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ യു.വി.ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

ചാലക്കുടി താലൂക്കില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.

മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ നിലമ്പൂര്‍ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി ഒഴികെയുള്ള പരീക്ഷകള്‍ക്കു മാറ്റമില്ല.

നേരത്തെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് തെറ്റായ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7