ദേഹത്ത് മൈക്ക് തട്ടി; പിണറായി സംസാരിക്കാതെ മടങ്ങി; മാധ്യമങ്ങളോട് ചൂടായി മന്ത്രിയും

ആലപ്പുഴ: കാലവര്‍ഷ മഴക്കെടുതിയില്‍ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങി. സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രിയുടെ ശരീരത്തില്‍ മൈക്ക് തട്ടിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതോടെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങിയ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാതെ മടങ്ങുകയായിരുന്നു. അസ്വസ്ഥനായ പിണറായി വിജയന്‍ ‘മാറി നില്‍ക്കാന്‍’ ആവശ്യപ്പെട്ടാണ് കാറില്‍ കയറി തിരികെ പോയത്.

ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും മറ്റു മന്ത്രിമാരും ആലപ്പുഴയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. ഇതിന് പിന്നാലെവന്ന മന്ത്രി ജി. സുധാകരനും അസ്വസ്ഥനായി. യോഗത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വാര്‍ത്താക്കുറിപ്പ് വരുമ്പോള്‍ മനസ്സിലാക്കിയാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. യോഗ തീരുമാനങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി കൂടുതല്‍ സംസാരിക്കാനും തുടക്കത്തില്‍ തയ്യാറായില്ല.

30 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയമാണ് കുട്ടനാട്ടിലുണ്ടായത്. ആലപ്പുഴയിലെത്തിയിട്ടും മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിതരെ കാണാന്‍ തയ്യാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എംപിമാരും അവലോകന യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

pathram:
Related Post
Leave a Comment