ഓണത്തിന് സപ്ലൈകോ ക്രമക്കേട് തടയാന്‍ പുതിയ സംവിധാനം

കൊച്ചി: ഓണക്കാലത്ത് സപ്ലൈകോയെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. സപ്ലൈകോയ്ക്ക് കീഴിലുള്ള വില്‍പനശാലകളില്‍ നിത്യോപയോഗ സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കയ്യോടെ പൊക്കാന്‍ പ്രത്യേക വിജിലന്‍സ് സംവിധാനം. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കില്‍ പിടികൂടാന്‍ പ്രത്യേക സെല്ലിനും രൂപം നല്‍കി. ക്രമക്കേട് പിടികൂടാന്‍ സപ്ലൈകോയില്‍ ആദ്യമായാണു ത്രിതല സംവിധാനം. സപ്ലൈകോയില്‍ നിലവില്‍ ഡപ്യൂട്ടേഷനിലുള്ള എസ്പി റാങ്കിലുള്ള വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തിലാകും മിന്നല്‍ പരിശോധനാ സ്‌ക്വാഡ്. ഈ സ്‌ക്വാഡില്‍ ഓരോ ജില്ലയിലും താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളാകും. ഇവര്‍ക്കൊപ്പം ഓരോ ജില്ലകളിലും ഓഡിറ്റ് വിഭാഗത്തിന്റെ സ്‌പെഷല്‍ സ്‌ക്വാഡും മിന്നല്‍ പരിശോധനയ്ക്കുണ്ടാകും. സപ്ലൈകോ കേന്ദ്ര ഓഫിസില്‍ മാനേജര്‍ പദവിയിലുള്ള ഉദ്യോഗസ്ഥരെയും ഓരോ ജില്ലകളുടെ ചുമതല നല്‍കി വില്‍പനശാലകളില്‍ പരിശോധനയ്ക്കു വിടും. ഓരോ സംഘവും നേരിട്ടു മാനേജിങ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം.

സപ്ലൈകോ ഉല്‍പന്നങ്ങള്‍ക്കൊപ്പം ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളും വില്‍പനശാലകളില്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്നു ക്വാളിറ്റി അഷുറന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ ജില്ലകളിലും പ്രത്യേക സ്‌ക്വാഡും മിന്നല്‍ പരിശോധന നടത്തും. സാധനങ്ങളുടെ സാംപിള്‍ ശേഖരിച്ചു ഗുണനിലവാരം പരിശോധിക്കണം. സംശയമുള്ളവ പത്തനംതിട്ടയിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ലാബിലേക്ക് അയയ്ക്കണമെന്നാണു നിര്‍ദേശം. സപ്ലൈകോ വില്‍പനശാലകളിലൂടെ സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ ബില്ല് തയാറാക്കുന്നതിന് ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് 81 ലക്ഷം റേഷന്‍ കാര്‍ഡുകളുള്ളതില്‍ 50 ശതമാനത്തോളം കാര്‍ഡുകളും ദുരുപയോഗം ചെയ്യപ്പെടുന്നതായാണു സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വിലയിരുത്തല്‍.

pathram:
Related Post
Leave a Comment