തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്തുപരിചയമുള്ള രണ്ട് പേരാണ് പിടിയിലായത്. അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. സംശയമുള്ള 15 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി.
വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തിയെങ്കിലും കാര്യമായ തുമ്പുകളൊന്നും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമീപദിവസങ്ങളിലെല്ലാം മഴയായിരുന്നതിനാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി.
ഏറെനേരത്തെ മല്‍പ്പിടിത്തത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണന്‍ 20 വര്‍ഷമായി കൈയില്‍ക്കരുതുന്ന കത്തി ചോരപുരണ്ടനിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകശ്രമത്തിനിടെ കൃഷ്ണന്റെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തുനില്‍പ്പുണ്ടായിട്ടുണ്ടായിരിക്കാമെന്നും ഈ കത്തി ഉപയോഗിച്ച് പ്രതികള്‍ക്ക് പരിക്കേറ്റിരിക്കാമെന്നുമാണ് പോലീസ് നിഗമനം. ഇവിടെനിന്ന് കണ്ടെത്തിയ ചുറ്റികയും കൃഷ്ണന്റെ വീട്ടില്‍നിന്നുള്ളതാണ്.
അര്‍ജുനെ കൊലപ്പെടുത്തിയത് ഏറെനേരത്തെ ബലപ്രയോഗത്തിനുശേഷമെന്ന് സൂചന. അര്‍ജുന്റെ തലയില്‍ മാത്രം പതിനേഴ് വെട്ടുകളുണ്ട്. മുഖവും മറ്റും ഇരുമ്പുപോലുള്ള വസ്തു ഉപയോഗിച്ചുള്ള അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. കൃഷ്ണനെ ആക്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചതാവാം വീട്ടിലെ മറ്റംഗങ്ങളെയും കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എല്ലാവരുടെയും ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ട്. വീട്ടില്‍നിന്ന് കണ്ടെത്തിയ കത്തി കൂടാതെ മറ്റ് ആയുധങ്ങളും കൊലയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയാണുള്ളത്.
നാലു പേരുടെ ദേഹത്തും 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളുമുണ്ട്. അടിയേറ്റു കൃഷ്ണന്റെ തലയോട്ടി തകര്‍ന്നു. കുത്തേറ്റ് അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. രഞ്ചു രവീന്ദ്രന്‍, അസോഷ്യേറ്റ് പ്രഫസര്‍ ഡോ. സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം.
വീട്ടിലെ ജനാലകളെല്ലാം മറച്ചുകെട്ടിയിരുന്ന നിലയിലായിരുന്നുവെന്നതും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നുവെന്നതിന്റെ സൂചനയാണെന്നും പറയുന്നു. കേസില്‍ മൂന്നിലധികം പ്രതികള്‍ ഉണ്ടാകാം എന്ന നിരീക്ഷണത്തിലാണ് പൊലീസ്. മന്ത്രവാദവുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്.
വീട്ടില്‍ മോഷണശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. മന്ത്രവാദത്തിന്റെ പങ്കിനെ കുറിച്ച് മരിച്ച കൃഷ്ണകുമാറിന്റെ സഹോദരനും പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. സമീപവാസിയായ പുത്തന്‍പുരയ്ക്കല്‍ ശശിയാണ് വീട്ടുകാരെ കാണാനില്ലാ എന്ന വിവരം ആദ്യം അറിയുന്നത്.
സ്ഥിരമായി കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് പാല്‍ നല്‍കിയിരുന്നത് ശശിയാണ്. സാധാരണ വീട്ടില്‍ ഇല്ലാത്ത ദിവസങ്ങള്‍ പാല്‍ വേണ്ടന്ന് നേരത്തെ പറയുന്നതാണെന്നും ഞായറാഴ്ച വൈകിട്ട് കൃഷ്ണകുമാറിന്റെ മകള്‍ ആര്‍ഷ പാല്‍ വാങ്ങാന്‍ എത്തിയിരുന്നതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ ചുമന്നുകൊണ്ടുപോയാണ് കുഴിച്ച് മൂടിയതെന്ന നിഗമനത്തിലുമാണ് പൊലീസ്.
.