രാഷ്ട്രീയ ജീവിതത്തിന് തടസമായാല്‍ സിനിമ ഉപേക്ഷിക്കും; ജനങ്ങളോടുള്ള കടപ്പാടാണ് വലുതെന്ന് കമല്‍ ഹാസന്‍

ചെന്നൈ: രാഷ്ട്രീയ ജീവിതത്തിനു തടസമായാല്‍ സിനിമ അവസാനിപ്പിക്കുമെന്നു നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി ചെയര്‍മാനുമായ കമല്‍ഹാസന്‍. രാഷ്ട്രീയത്തിലെത്തിയതു വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. ജനങ്ങളോടുള്ള കടപ്പാടാണു വലുത്. എല്ലാ തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും സിനിമയിലൂടെ രാഷ്ട്രീയം പറയുന്നതു തുടരുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് കമല്‍ ഹാസന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനമെടുക്കും. മതനിരപേക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കമല്‍ ഹാസന്‍ ‘മക്കള്‍ നീതി മയ്യം പാര്‍ട്ടി’ രൂപീകരിച്ചത്. ജന നീതി കേന്ദ്രം എന്നര്‍ഥം വരുന്ന ‘മക്കള്‍ നീതി മയ്യം’ എന്നാണു പാര്‍ട്ടിയുടെ പേര്. രാമനാഥപുരം, പരമക്കുടി, മാനാമധുര എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ക്കു ശേഷമാണ് മധുരയില്‍ പാര്‍ട്ടി പ്രഖ്യാപിച്ചത്. ചേര്‍ത്തുപിടിച്ച ആറു കൈകളും അതിനു മധ്യത്തില്‍ ഒരു നക്ഷത്രവുമാണ് പാര്‍ട്ടിയുടെ ചിഹ്നം. ഇതില്‍ മൂന്നു വീതം കൈകള്‍ വെള്ള, ചുവപ്പു നിറങ്ങളിലാണ്.

പതിനഞ്ചംഗ ഉന്നത സമിതിയാണ് പാര്‍ട്ടിക്കുളളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ എ.ജി. മൗര്യ, നടി ശ്രീപ്രിയ, തമിഴ് പ്രഫസറും നടനുമായ എ.എസ്. ജ്ഞാനസംബന്ധന്‍, നടന്‍ നാസറിന്റെ ഭാര്യ കമീല നാസര്‍, സാഹിത്യകാരന്‍ സു കാ തുടങ്ങിയവര്‍ ഈ ഉന്നതസമിതിയില്‍ അംഗങ്ങളാണ്.

pathram desk 1:
Related Post
Leave a Comment