മലമ്പുഴ ഡാം നാളെ തുറക്കും,പത്തനംതിട്ട കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു: ഇടുക്കിയിലും ജലനിരപ്പ് ഉയര്‍ന്നു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ ഡാം നാളെ രാവിലെ 11നും 12 നും ഇടയില്‍ തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകളും പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും തുറന്നു.പത്തനംതിട്ട കക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 980 മീറ്ററായി. 1.46 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ പരമാവധി ജലനിരപ്പിലെത്തും.

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളത്തിലെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംസ്ഥാനത്ത് ശക്തമായ മഴ ആരംഭിച്ചത്. തെക്കന്‍ ജില്ലകള്‍ക്ക് പുറമേ പാലക്കാടും ഇടുക്കിയിലും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നുണ്ട് എങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായി കെഎസ്ഇബി അറിയിച്ചു. നീരൊഴുക്ക് ഇനിയും കുറയുകയാണെങ്കില്‍ ഡാം തുറക്കേണ്ടി വരില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ജലനിരപ്പ് 2396 അടിയെത്തുകയാണെങ്കില്‍ അടുത്ത മുന്നറിയിപ്പ് നല്‍കും. 2397 അടിയിലെത്തിയാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 2395.56 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് വര്‍ധിക്കുകയാണെങ്കില്‍ മാത്രം ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരുന്നാല്‍ പകല്‍ സമയത്ത് എല്ലാവരെയും അറിയിച്ച് മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular