‘നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു’ ലൈംഗികാരോപണം ഉന്നയിച്ച ശ്രീറെഡ്ഡിയ്ക്ക് മറുപടിയുമായി ലോറന്‍സ്

ലൈംഗികാരോപണം ഉന്നയിച്ച തെലുങ്ക് നടി ശ്രീറെഡ്ഡിക്ക് മറുപടിയുമായി നടന്‍ ലോറന്‍സ്. നടിയുടെ ആരോപണങ്ങളെല്ലാം കള്ളമാണെന്നും നടിയുടെ ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നുമായിരുന്നു ലോറന്‍സിന്റെ മറുപടി. സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ അഭിനയിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചുവെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞത്.

ശ്രീറെഡ്ഡി ആരോപണമുന്നയിച്ച പ്രമുഖരില്‍ നിന്നും പ്രതികരണവുമായി ആദ്യമായി രംഗത്തെത്തിയിരിക്കുന്നത് നടന്‍ ലോറന്‍സാണ്. ശ്രീറെഡ്ഡി ഉന്നയിച്ച കാര്യങ്ങള്‍ തന്നെ സംബന്ധിക്കുന്ന വിഷയമേയല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായി വിളിച്ച് മറുപടി ചോദിക്കുന്നതിനാലാണ് ഇത്തരത്തിലൊരു പ്രസ്താവനയിറക്കുന്നതെന്നും ലോറന്‍സ് പറയുന്നു.

തെലുങ്കിലെ ഒരു റിബെല്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഞാന്‍ നടിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം. ഞാന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അത്തരത്തിലൊരു പടം ചെയ്തത്. എങ്കില്‍ എന്തുകൊണ്ട് ഇത്രയും നാള്‍ നടി യാതൊരു ആരോപണവും ഉന്നയിച്ചില്ലയെന്ന് നടന്‍ ചോദിക്കുന്നു.

അവരെത്തിയ എന്റെ ഹോട്ടല്‍മുറിയില്‍ ഈശ്വരന്റെ ചിത്രങ്ങളും രുദ്രാക്ഷവും കണ്ടെന്ന് പറയുന്നു. രുദ്രാക്ഷമാലയുമിട്ട് ഹോട്ടലില്‍ പൂജ നടത്താന്‍ താനൊരു വിഡ്ഢിയല്ലെന്നും ലോറന്‍സ് പ്രസ്താവനയില്‍ പറയുന്നു. ശ്രീറെഡ്ഡിയോട് താന്‍ യാതൊരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് പറഞ്ഞ ലോറന്‍സ് തന്നോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നടിയെ ക്ഷണിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ ഭയക്കുന്നില്ലെന്നും ലോറന്‍സ് അറിയിച്ചു.

‘നിങ്ങള്‍ കഴിവുള്ള നടിയാണെന്നാണല്ലോ പറയുന്നത് എങ്കില്‍ പത്രസമ്മേളനത്തില്‍വെച്ചു അത് തെളിയിക്കാന്‍ കൂടിയുള്ള അവസരം ഞാന്‍ നല്‍കും. ബുദ്ധിമുട്ടുള്ള ചുവടുകളോ ഡയലോഗുകളോ അല്ല അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ മാത്രം.’ ലോറന്‍സ് പറയുന്നു. കഴിവ് തെളിയിച്ചാല്‍ തന്റെ അടുത്ത പടത്തില്‍ അവസരം നല്‍കുമെന്നും ലോറന്‍സ് പറയുന്നു. എല്ലാവര്‍ക്കും മുന്‍പില്‍ വെച്ച് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തന്റെ മാനേജരുമായി ബന്ധപ്പെടാമെന്നും വക്കീലിനെയും കൂട്ടിവന്ന് അഭിനയിച്ചു കാണിക്കാമെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.

‘അമ്മക്കുവേണ്ടി അമ്പലം പണിതയാളാണു താന്‍. സ്ത്രീകളോട് ബഹുമാനം മാത്രമാണുള്ളത്. നമുക്ക് നല്ല കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.’ ലോറന്‍സ് പറയുന്നു. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ലോറന്‍സ് പ്രസ്താവന അവസാനിപ്പിക്കുന്നത്.

pathram desk 1:
Related Post
Leave a Comment