കോട്ടയം: മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയാ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി ടാക്സി ഡ്രൈവറുടെ മൊഴി. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താന്‍ ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഫോട്ടോ കണ്ടതു കൊണ്ടു മാത്രം ഇക്കാര്യം സ്ഥിരീകരിക്കാനാകില്ലെന്നും വിലയിരുത്തുന്നു. ഇതിനിടെ, ജെസ്നയെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘത്തലവനായ തിരുവല്ല ഡിവൈ.എസ്.പി: ആര്‍. ചന്ദ്രശേഖരപിള്ള ഇന്നു സര്‍വീസില്‍നിന്ന് വിരമിക്കുകയാണ്.
അന്വേഷണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയാക്കിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിന്റെ നിരാശയോടെയാണ് പടിയിറങ്ങുന്നതെന്ന് ചന്ദ്രശേഖരപിള്ള പറഞ്ഞു. സൈബര്‍ സെല്ലും പ്രത്യേക അന്വേഷണസംഘവും ചേര്‍ന്ന് കഠിനമായി അധ്വാനിച്ച് അന്തിമഘട്ടത്തില്‍ നടത്തിയ അന്വേഷണം ഏറെക്കുറെ ഫലപ്രാപ്തിയിലെത്തി നില്‍ക്കുമ്പോഴാണ് പിള്ള വിരമിക്കുന്നത്.