മാനേജ്‌മെന്റിന്റെ ആ ‘കളി’ വേണ്ടാ…! പീഡന വിവരം പുറത്തെത്തിച്ച അധ്യാപികയെ പുറത്താക്കിയതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുകൊണ്ടുവന്ന അധ്യാപികയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്നും ഇത് ഉടന്‍ തന്നെ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. പീഡനവിവരം പുറത്തുകൊണ്ടുവന്ന അധ്യാപികയ്ക്കുള്ള അഭിനന്ദനങ്ങളും മുഖ്യമന്ത്രി കുറിപ്പില്‍ രേഖപ്പെടുത്തി.

കരുനാഗപ്പള്ളിയില്‍ ബുധനാഴ്ചയാണ് ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസില്‍ അച്ഛന്‍ അനീഷിനെയും രണ്ടാനമ്മ ആര്യയെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയുടെ ക്ലാസ് ടീച്ചര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ക്ലാസ് ടീച്ചറെ സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയെന്ന തരത്തിലുള്ള വാര്‍ത്ത വന്നത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുട്ടികള്‍ നമ്മുടെ നാടിന്റെ സമ്പത്താണ് . അവര്‍ ശരിയായ ദിശയില്‍ വളര്‍ന്നു വലുതാവുകയും വേണം. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണ്. അത്തരം ക്രൂരതകള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അഭിനന്ദാര്‍ഹം തന്നെ.

കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു പിഞ്ചോമനയക്ക് നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണിത്. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് ആ സ്‌കൂള്‍ മാനേജ്‌മെന്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വീടു പോലെ തന്നെ കുട്ടികള്‍ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്‌കൂളുകള്‍. ഇത്തരം വിഷയങ്ങളില്‍ നിയമപരമായ മാര്‍ഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നല്‍.

pathram:
Related Post
Leave a Comment