ഇടുക്കി ഡാം തുറക്കുമ്പോള്‍ സെല്‍ഫി എടുക്കുന്നവര്‍ കുടുങ്ങും

തൊഴുപുഴ: ഇടുക്കി ഡാം 2400 അടിവരെ കാക്കാതെ 2397-2398 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും. 2390 അടിയില്‍ ബ്ലൂ അലര്‍ട്ടും (ജാഗ്രതാ നിര്‍ദേശം) 2399ല്‍ റെഡ് അലര്‍ട്ടുമാണ് നല്‍കുന്നത്. റെഡ് അലര്‍ട്ട് നല്‍കിയാല്‍ ഏതു നിമിഷവും സംഭരണി തുറക്കാം. വ്യാഴാഴ്ച ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു. തുറന്നാല്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം. ദുരന്ത നിവാരണ അതോറിറ്റി ഇടുക്കി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. നദീതീരത്തോ പാലങ്ങളിലോ ആളുകള്‍ കൂടി നില്‍ക്കുന്നത് തടയണം. നദീതീരത്തിന് 100 മീറ്റര്‍ പരിധിയില്‍ ആരെയും പോകാന്‍ അനുവദിക്കരുത്. വെള്ളം പൊങ്ങുമ്പോള്‍ സെല്‍ഫിയും ഫോട്ടോയും എടുക്കാന്‍ അനുവദിക്കരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.

അതേസമയം, ഡാം തുറക്കുമ്പോള്‍ വെളളം പൊങ്ങാനിടയുള്ള അഞ്ച് പഞ്ചായത്തുകളില്‍ വിനോദസഞ്ചാരം വിലക്കി. മരിയപുരം, വാഴത്തോപ്പ് കൊന്നത്തടി, കഞ്ഞിക്കുഴി, വാത്തുക്കുടി എന്നീ പഞ്ചായത്തുകളിലാണ് വിലക്ക്.

മുമ്പ് 2401 അടിയില്‍ വെള്ളമെത്തിയപ്പോഴാണ് സംഭരണി തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും അരമീറ്റര്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇറിഗേഷന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പെരിയാര്‍ നദിയുടെ തീരത്ത് സര്‍വേ നടപടികള്‍ നടത്തിയിരുന്നു. ഷട്ടറുകള്‍ തുറന്നാല്‍ നേരിടേണ്ടി വരുന്ന നാശനഷ്ടങ്ങളുടെ കണക്ക് ഇവര്‍ വിലയിരുത്തി. അണക്കെട്ട് തുറന്നാല്‍ ആയിരത്തോളം പേരെയാണ് മാറ്റി പാര്‍പ്പിക്കേണ്ടി വരിക.

pathram:
Leave a Comment