ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒഴുകിപ്പോകേണ്ട ചാലുകളിലെ തടസ്സം നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. അണക്കെട്ടില്‍ ഇപ്പോള്‍ 2394.2 അടിയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുള്ളത്. ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലും ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു.

പെരിയാറിന്റെ തീരത്തുള്ള വലിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അധികൃതര്‍ നിറദ്ദേശം നല്‍കിക്കഴിഞ്ഞു. ഇടുക്കി സംഭരണി മുതല്‍ ലോവല്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ഇടുക്കി എഡിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു യോഗം ചേര്‍ന്നിരുന്നു്. അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായാണ് യോഗം ചേര്‍ന്നിരിക്കുന്നത്.

ജലനിരപ്പ് 2395ല്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. 2398 അടിയെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടും. മൂന്നു മാസത്തിനകം തുലാവര്‍ഷം എത്തുമെന്നതിനാലാണ് 2400 അടിയിലെത്തിയാല്‍ തുറക്കാനുള്ള തീരുമാനം മാറ്റിയത്. പരമാവധി 2403 അടി വരെ സംഭരിക്കാമെന്നതിനാല്‍ ചെറിയ തോതിലേ വെള്ളം തുറന്നുവിടൂ.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ 6.8 മി.മീ. മഴയാണു പെയ്തത്. നാളെയും മറ്റന്നാളും കനത്ത മഴയുണ്ടാകുമെന്ന കണക്കുകൂട്ടല്‍ യാഥാര്‍ഥ്യമായാല്‍ ബുധനാഴ്ചയോടെ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മന്ത്രി എം.എം. മണിയുടെ അധ്യക്ഷയില്‍ ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പകല്‍ സമയത്തേ ഷട്ടര്‍ തുറക്കൂ. തലേന്ന് മൈക്കിലൂടെ ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കണം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടികളെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഷട്ടര്‍ തുറക്കേണ്ടിവന്നാല്‍ വെള്ളം ഒഴുകിപ്പോകേണ്ട വഴികളില്‍ ഉദ്യോഗസ്ഥസംഘം ഇന്നലെ പരിശോധന തുടങ്ങി.

ചെറുതോണി ഡാം ടോപ്പ് മുതല്‍ പനങ്കുട്ടിവരെ പുഴയുടെ വീതി, തടസങ്ങള്‍, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. ലോവര്‍ പെരിയാര്‍ വരെ പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകള്‍, താമസക്കാരുടെ എണ്ണം, വിലാസം, ഫോണ്‍ നമ്പര്‍, കൃഷിയിടം, വൈദ്യുതി ലൈനുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വിവരങ്ങളുമെടുത്തു. ഉയര്‍ന്ന മേഖലകളില്‍ പെരിയാറിനു മധ്യത്തില്‍നിന്ന് ഇരു ഭാഗത്തേക്കും 50 മീറ്റര്‍ വീതവും താഴ്ന്ന മേഖലയില്‍ 100 മീറ്റര്‍ വീതവും ദൂരത്തില്‍ സര്‍വേ നടത്തി സ്‌കെച്ച് തയാറാക്കി.

ഒഴിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കാനും വെള്ളം തടസമില്ലാതെ ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാനും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ചെറുതോണി പാലത്തിനടിയിലുള്ള തടസങ്ങള്‍ ഒഴിവാക്കും. പെരിയാറിന്റെ കരകളിലെ മരങ്ങള്‍ വെട്ടിമാറ്റും. ഇരുകരകളിലും താമസിക്കുന്നവരെ അതത് പഞ്ചായത്ത് കേന്ദ്രീകരിച്ച് മാറ്റിപ്പാര്‍പ്പിക്കാന്‍ സുരക്ഷിത കേന്ദ്രങ്ങളൊരുക്കി. വെള്ളം തുറന്നുവിട്ടാല്‍ എറണാകുളം ജില്ലയിലുള്ളവരെയാകും കൂടുതല്‍ ബാധിക്കുക. അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ മുന്‍കരുതലെടുക്കും. നാട്ടുകാരുടെ ആശങ്കയകറ്റാന്‍ 15 കൗണ്‍സിലര്‍മാര്‍ നാളെ പ്രവര്‍ത്തനം തുടങ്ങും വെളിച്ചക്കുറവ് പരിഹരിക്കാന്‍ പോലീസില്‍ നിന്ന് 25 അസ്‌ക ലൈറ്റുകള്‍ സജ്ജീകരിക്കും. വില്ലേജോഫീസുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും തേടും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ ചുവട്ടില്‍നിന്നുള്ള ഉയരമാണ് ഇത്. തുറന്നുവിടേണ്ടിവരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ ഇടുക്കി എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. അപകടമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് നാളെ മുതല്‍ കൗണ്‍സിലിങ് നല്‍കും. മഞ്ചുമലയില്‍ അലാറം സ്ഥാപിക്കും. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്ന ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ചെലവ് ജില്ലാ ഭരണകൂടം വഹിക്കണമെന്നും മന്ത്രി മണി കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാര്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരാന്‍ ചീഫ് സെക്രട്ടറി വഴി തമിഴ്‌നാടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് മാന്വല്‍ ആവശ്യപ്പെട്ടു. ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് തമിഴ്‌നാട്ടില്‍നിന്ന് അറിയിപ്പ് കിട്ടിയാലുടന്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമൊരുക്കും. മുന്‍കരുതല്‍ നടപടികളുടെ അവലോകനത്തിനായി ഇന്ന് ഇടുക്കി താലൂക്ക് ഓഫീസിലും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

pathram:
Leave a Comment