ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ വീണ്ടും മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തലാണ്. ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ കുറെ ദിവസം കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ വയോധികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണം. ഭരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ത്തന്നെ ഈ നയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നില്‍ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.

എന്നാല്‍ ചിലരെങ്കിലും ഈ മാറ്റം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല എന്നു വേണം കരുതാന്‍. കഴിഞ്ഞ ദിവസം ആലുവയില്‍ ഉണ്ടായതു പോലുള്ള ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നത് അതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞു കൊടുക്കാനാകും. ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫീസുകള്‍ കയറി ഇറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. ഭരണവും ഭരണ നിര്‍വ്വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണ്. ഇപ്പോഴും തിരുത്താത്തവരെ ഓര്‍മ്മിപ്പിക്കുന്നു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment