നാളെ ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ; സഹകരിക്കില്ലെന്ന് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും; സ്വകാര്യ ബസുകള്‍ കോട്ടയത്ത് സര്‍വീസ് നടത്തുമെന്ന് ഉടമകള്‍

കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവല്‍സലന്‍ തുടങ്ങിയവര്‍ പറഞ്ഞു. ഹര്‍ത്താലിനോടനുബന്ധിച്ചു തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ ചില സംഘടനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ കോട്ടയത്തു പതിവു പോലെ സര്‍വീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എസ്.സുരേഷ് അറിയിച്ചു. എംജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനു ഹിന്ദു ഐക്യവേദിയുടെ പിന്തുണയില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു.

ശബരിമലയുടെ പേരില്‍ 30ന് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ സമുദായത്തിനു പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗം അറിയിച്ചു. ആയിരക്കണക്കിനു വര്‍ഷംകൊണ്ട് ഉയര്‍ന്നുവന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇതിനകംതന്നെ ഏറെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനകൊണ്ട് അളന്നുകളയാമെന്നു വിചാരിക്കുന്നതു ചരിത്രവിരുദ്ധമാണെന്നു സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ദേവദാസ് പറഞ്ഞു.

ഹര്‍ത്താലിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഹര്‍ത്താലുമായി ആര്‍എസ്എസിനു ബന്ധമില്ല. ചില സംഘടനകള്‍ ഹിന്ദു സംഘടനകളെന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും പ്രാന്ത കാര്യവാഹക് പി. ഗോപാലന്‍കുട്ടി അറിയിച്ചു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം തെരുവില്‍ പരിഹരിക്കേണ്ടതല്ല. പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രവിശ്വാസികളുടെ ഇടയിലെ ബോധവല്‍ക്കരണത്തിലൂടെ അഭിപ്രായ സമന്വയം കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment