ചെന്നൈ: ജനങ്ങളുടെ കയ്യടി നേടി തമിഴ്നാട് പൊലീസ്. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ഗര്‍ഭിണിയ്ക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കിയാണ് തമിഴ്നാട് ആംഡ് റിസര്‍വ് പൊലീസിലെ ധനശേഖരന്‍, മണികണ്ഠന്‍ എന്ന പൊലീസുകാര്‍ കയ്യടി നേടിയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയെയാണ് ഇവര്‍ മുതുക് ചവിട്ടു പടിയാക്കി മാറ്റി നിലത്തിറക്കിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരടക്കമുള്ളവര്‍ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നിര്‍ത്തിയിരുന്നു. സ്റ്റേഷനില്‍ നിന്നും വളരെ അകലയായിരുന്നു മിക്ക ട്രെയിനുകളും നിര്‍ത്തിയത്. അങ്ങനെ നിര്‍ത്തിയ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് അമുതയുടെ ഫോണ്‍ കോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തുന്നത്.
കോട്ട- പൂങ്കാ സ്റ്റേഷനുകളുടെ ഇടയിലാണ് സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് അമുത സഞ്ചരിച്ചിരുന്ന സബര്‍ബന്‍ ട്രെയിന്‍ നിര്‍ത്തിയത്. പ്ലാറ്റ്ഫോമില്‍ നിന്നും ഏറെ അകലെയായിരുന്നു ട്രെയിന്‍ നിര്‍ത്തിയത്. പാളത്തില്‍ നിന്നും വളരെ ഉയരത്തിലായതിനാല്‍ പുറത്തിറങ്ങാന്‍ അമുതത്തിന് സാധിച്ചില്ല. രണ്ട് മണിക്കൂറോളം അവര്‍ എന്തു ചെയ്യണമെന്ന് അറിയാതെ ട്രെയിനില്‍ തന്നെ ഇരുന്നു. ഇതോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നത്.
കണ്‍ട്രോള്‍ റൂമില്‍നിന്നും വിവരം എസ്പ്ലനേഡിലെയും ഫ്‌ളവര്‍ ബസാറിലെയും പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. പിന്നാലെ പട്രോളിങ്ങിലുണ്ടായിരുന്ന ധനശേഖരനും മണികണ്ഠനും അവിടെയെത്തി. താഴെ ഇറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിനാല്‍ ധനശേഖരനും മണികണ്ഠനും കമ്പാര്‍ട്‌മെന്റിന്റെ പടിക്കുതാഴെയായി കുനിഞ്ഞുനിന്നുകൊണ്ട് ചവിട്ടു പടിയായി മാറി. തുടര്‍ന്ന് അമുത ഇവരുടെ മുതുകത്തു ചവിട്ടി താഴേക്കിറങ്ങി.
കമ്പാര്‍ട്‌മെന്റില്‍നിന്ന് പ്രായമായ ഒരു സ്ത്രീയെ പോലീസുകാരില്‍ ഒരാള്‍ എടുത്തിറക്കുന്നതും പ്രായമായ ഒരാളെ താങ്ങിയെടുത്തു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. മണികണ്ഠനെയും ധനശേഖരനെയും പോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ അഭിനന്ദിക്കുകയും ചെയ്തു.
https://www.facebook.com/tnpoliceofficial/videos/1872384316399967/