രാഹുല്‍ ഗാന്ധി വിദ്വേഷത്തിന്റെ കച്ചവടക്കാരന്‍ ,വിമര്‍ശനവുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിദ്വേഷത്തിന്റെ കച്ചവടക്കാരനെന്ന് വിളിച്ച് ആക്ടിങ് ധനമന്ത്രി പിയൂഷ് ഗോയല്‍. അല്‍വാറിലെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ധനമന്ത്രി അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

‘മോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയെ വിദ്വേഷം ഭരിക്കുകയും ജനങ്ങളെ അടിച്ചമര്‍ത്തുകയും മരിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്യുന്നു.’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഇതിനു പിന്നാലെയാണ് രാഹുലിന്റെ വിദ്വേഷ വില്‍പ്പനക്കാരനെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അധിക്ഷേപിച്ചിരിക്കുന്നത്. രാഹുല്‍ വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘ എപ്പോള്‍ കുറ്റകൃത്യം നടക്കുമ്പോഴും സന്തോഷംകൊണ്ട് ചാടുന്നത് അവസാനിപ്പിക്കുക രാഹുല്‍ ഗാന്ധീ. കേന്ദ്രം ഇതിനകം തന്നെ കര്‍ശന നടപടി ഉറപ്പുനല്‍കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി നിങ്ങള്‍ എല്ലാതരത്തിലും സമൂഹത്തെ വിഭജിക്കുകയും മുതലക്കണ്ണീര്‍ പൊഴിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിദ്വേഷത്തിന്റെ കച്ചവടക്കാരനാണ്.’ എന്നാണ് ഗോയലിന്റെ ട്വീറ്റ്.

‘കഴുകന്റെ രാഷ്ട്രീയം’ എന്നുപറഞ്ഞാണ് സ്മൃതി രാഹുലിനെ ആക്രമിച്ചത്.

‘ മരിച്ചുകൊണ്ടിരിക്കുന്ന അക്ബറുദ്ദീനെ വെറും ആറ് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാരന്‍ എടുത്ത സമയം 3 മണിക്കൂര്‍. എന്താണ് കാരണം? അവര്‍ അതിനിടെ ഒരു ചായ കുടിക്കാന്‍ പോയി. ഇതാണ് മോദിയുടെ പുതിയ ക്രൂരമായ പുതിയ ഇന്ത്യ. അവിടെ മനുഷ്യത്വത്തിന് പകരം വെറുപ്പാണ് ഉള്ളത്. ആളുകളെ മരിക്കാനായി വിട്ടേക്കുകയാണ്- ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ആല്‍വറില്‍ ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട അക്ബറുദ്ദീനെ പൊലീസ് ആശുപത്രിയിലെത്തിച്ചത് വളരെ വൈകിയാണെന്ന് നവല്‍ കിഷോര്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിരുന്നു.

ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് അക്ബറുദ്ദീനെ പൊലീസ് 4 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചെന്നും പൊലീസിനെ മുഴുവന്‍ സമയവും അനുഗമിച്ച കിഷോര്‍ എന്‍.ഡി.ടി.വിയോട് വെളിപ്പെടുത്തിയിരുന്നു.

അടിയേറ്റ് നിലത്ത് ചളിയില്‍ കുളിച്ചുകിടന്ന അക്ബറുദ്ദീനെ പൊലീസ് കുളിപ്പിച്ചു. പോകുന്ന വഴിക്ക് പൊലീസ് ആദ്യം കിഷോറിന്റെ വീടിന് സമീപം നിര്‍ത്തി. അക്ബറുദ്ദീന്റെ പശുക്കളെ സമീപത്തുള്ള ഗോശാലയിലേക്ക് കൊണ്ടുപോകാനുള്ള വാഹനം സംഘടിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിനിടയില്‍ പൊലീസ് വാഹനത്തിനുള്ളില്‍ വെച്ച് അക്ബറുദ്ദീനെ മര്‍ദ്ദിക്കുന്നതും ജീവനുണ്ടോയെന്ന് ചോദിച്ച് തെറിവിളിക്കുന്നതും കണ്ടതായി കിഷോറിന്റെ ബന്ധു ആരോപിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വാഹനം സംഘടിപ്പിച്ച ശേഷം പൊലീസുകാര്‍ പിന്നെ പോയത് ചായ കുടിക്കാനാണ്. പശുവുമായുള്ള വാഹനം കടന്നു പോയതിന് ശേഷം മാത്രമാണ് പൊലീസ് അവിടെ നിന്നും നീങ്ങിയത്. പിന്നീട് സ്റ്റേഷനിലേക്കാണ് പൊലീസ് അക്ബറുദ്ദീനെ കൊണ്ടുപോയത്. സ്റ്റേഷന് സമീപത്തായിരുന്നു ആശുപത്രിയെങ്കിലും 4 മണിയോടെയാണ് പൊലീസ് അങ്ങോട്ടു പോകാന്‍ തയ്യാറായത്.

ആശുപത്രിയിലെത്തും മുന്‍പ് അക്ബറുദ്ദീന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം 12.41ന് പൊലീസിന് മര്‍ദ്ദനം നടക്കുന്നതായി വിവരം ലഭിച്ചിരുന്നെന്നാണ്. 1.15നും 1.20നും ഇടയിലായി പൊലീസ് സംഭവസ്ഥലത്തെത്തിയെന്ന് നവല്‍ കിഷോറും പറയുന്നു.

ഗോരക്ഷകര്‍ തങ്ങളെ ആക്രമിക്കാനെത്തിയത് തോക്കുകളും വടികളും കൊണ്ടെന്ന് രക്ഷപ്പെട്ട അസ്ലം വെളിപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട അക്ബര്‍ ഖാനും അസ്ലമും പശുക്കളെ തെളിച്ചുകൊണ്ടു പോകുമ്പോഴായിരുന്നു ആക്രമണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7