സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ തീരുമാനം പുനഃപരിശോധിക്കണം, മീശ നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറാകണമെന്ന് വിഎസ്

തിരുവനന്തപുരം: വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന-ജനാധിപത്യവാദികളും മുന്നോട്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ, നോവല്‍ പിന്‍വലിച്ച തീരുമാനം എസ് ഹരീഷ് പുനഃപരിശോധിക്കണം. നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനും പ്രസാധകരായ മാതൃഭൂമിയും തയ്യാറാവണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ഒരു നോവലിന്റെ രണ്ടോ മൂന്നോ അധ്യായം പുറത്തുവന്നപ്പോള്‍ത്തന്നെ അതിനെതിരെ അസഹിഷ്ണുതയുടെ വാളോങ്ങുന്നവരെ അക്ഷരവിരോധികളായി കാണാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണം. അക്ഷരങ്ങളുടെയും എഴുത്തിന്റെയും ഭാവനാത്മകമായ സൗന്ദര്യമാണ് ജീവിത നന്മകളുടെ സൗന്ദര്യമെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഇക്കൂട്ടര്‍ ഫാസിസ്റ്റുകളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടില്‍ അതിക്രമിച്ചുകടന്ന ഹിറ്റ്ലറുടെ ഫാസിസ്റ്റ് പട അവിടത്തെ ഗ്രന്ഥശേഖരങ്ങള്‍ അഗ്നിക്കിരയാക്കിയ ചരിത്ര സംഭവം സംഘികളുടെ അക്ഷരവിരോധവുമായി കൂട്ടിവായിക്കേണ്ടതാണ്.സംഘപരിവാറിന്റെ ഈ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹ്യവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുക. അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം തയ്യാറാവണമെന്നും വിഎസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular