തിരുവനന്തപുരം: സിപിഎമ്മിലും പോഷക സംഘടനകളിലും എസ്ഡിപിഐ അനുഭാവികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അംഗങ്ങളായല്ല മറിച്ച് അനുഭാവികളായാണ് ഇവരുടെ നുഴഞ്ഞുകയറ്റമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.
പാര്‍ട്ടി എല്ലാവര്‍ക്കും അംഗത്വം കൊടുക്കാറില്ല. എന്നാല്‍, എസ്എഫ്ഐ, ഡിവൈഎഫ്ഐ പോലുള്ള സംഘടനകള്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അംഗത്വം കൊടുക്കാറുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് എസ്ഡിപിഐ അനുഭാവികളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ ആഹ്വാനം ചെയ്ത വാട്ട്സ്ആപ്പ് ഹര്‍ത്താലോടെയാണ് ഇത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വാട്ട്സ്ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ 500 ഓളം പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ കൂടുതലും എസ്ഡിപിഐക്കാരാണ്. കോണ്‍ഗ്രസുകാരും ലീഗുകാരും ഇതിലുണ്ട്. സിപിഎമ്മിന്റെ അനുഭാവികളുമുണ്ടായിരുന്നു. ഇവരുടെ പാര്‍ട്ടി ബന്ധം പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നാണ് മനസ്സിലായത്. പിന്നീട് ഇക്കാര്യം ഗൗരവമായി പരിശോധിച്ചു. അതില്‍ ചിലര്‍ നേരത്തെ എസ്ഡിപിഐ ബന്ധമുള്ളവരായിരുന്നു. പിന്നീട് സിപിഎമ്മുമായി സഹകരിച്ച ഇവരാണ് വാട്ട്സ്ആപ്പ് ഹര്‍ത്താല്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു പാര്‍ട്ടികളെ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള എസ്ഡിപിഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അനുഭാവികള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍പ്പെട്ടവരെ തുടര്‍ന്നുള്ള എല്ലാ പരിപാടികളില്‍നിന്നും മാറ്റി നിര്‍ത്തി. മൂന്ന് നാല് ജില്ലകളിലാണ് ഇത് സംഭവിച്ചതെന്നും കോടിയേരി പറഞ്ഞു.
അഭിമന്യു വധവുമായി ബന്ധപ്പെട്ടും ഈ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇതില്‍ എത്രമാത്രം വസ്തുത ഉണ്ടെന്ന് അന്വേഷിക്കാന്‍ പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ എല്‍ഡിഎഫിനായിരുന്നു എന്ന മുസ്ലീംലീഗ് ആരോപണം തള്ളിക്കളഞ്ഞ അദ്ദേഹം എസ്ഡിപിഐ മലപ്പുറത്ത് പരസ്യപിന്തുണ പ്രഖ്യാപിച്ചത് മുസ്ലീംലീഗിനാണെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തു.