സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ സ്ത്രീ വിരുദ്ധ സിനിമാ പ്രവര്‍ത്തകരെ വിളിക്കരുത്; സംവിധായകന്‍

കൊച്ചി:ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് പരസ്യ പിന്തുണ നല്‍കിയ ഒരു സിനിമാ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ അതിഥികളായി ക്ഷണിച്ചിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകരുതെന്ന് സംവിധായകന്‍ ഡോ. ബിജു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സ്വാഗത സംഘരൂപീകരണത്തിനായി സര്‍ക്കാര്‍ ഡോ. ബിജുവിനേയും ക്ഷണിച്ചിട്ടുണ്ട്. ഈ ക്ഷണപത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്താണ് സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്ക് പരസ്യ പിന്തുണ നല്‍കിയ ഒരു സിനിമാ പ്രവര്‍ത്തകരെയും ചടങ്ങിലേക്ക് അതിഥികളായി ക്ഷണിക്കരുതെന്ന് ഡോ ബിജു ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 17ന് സ്വാഗത സംഘ രൂപീകരണം. ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചാണ് അവാര്‍ഡ് ദാനചടങ്ങ്.

അത്തരക്കാരെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് രാഷ്ട്രീയ ബോധവും നിലപാടുമാണ്. ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാരില്‍ നിന്നും അത്തരത്തില്‍ ഒരു നിലപാട് ആണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സാംസ്‌കാരിക വകുപ്പ് അത്തരത്തില്‍ ഒരു സാംസ്‌കാരിക രാഷ്ട്രീയ ബോധം ഇക്കാര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഡോക്ടര്‍ ബിജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
മറ്റ് രണ്ട് നിര്‍ദേശങ്ങളും ഡോക്ടര്‍ ബിജു മുന്നോട്ട് വയ്ക്കുന്നുണ്ട് അവ ഇങ്ങനെയാണ്
കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങള്‍ ആയി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ അവാര്‍ഡ് താര നിശകളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ വികൃതവും അപഹാസ്യവും ആയാണ്. മിമിക്രിയും ഡാന്‍സും കുത്തിനിറച്ചു് താരങ്ങളുടെയും ഫാന്‌സിന്റെയും ആവേശ അട്ടഹാസങ്ങളും ഒക്കെ ആയി പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് പോലും ഇരിപ്പിടം കിട്ടാതെ അപമാനിക്കപ്പെട്ട തരത്തില്‍ തികച്ചും അസാംസ്‌കാരികവും ആരാഷ്ട്രീയവുമായ ഒരു കൂത്തരങ്ങായി ആണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പോലെ ഒരു പ്രധാന പുരസ്‌കാരം വിതരണം ചെയ്തിരുന്നത്.ഇത്തവണ അതിനൊരു മാറ്റം ഉണ്ടാകും എന്ന് കരുതട്ടെ..പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് തികച്ചും സാംസ്‌കാരികമായ ഒരു വേദി ഒരുക്കി മാന്യമായ ചടങ്ങില്‍ ജേതാക്കള്‍ക്ക് നല്‍കുക എന്നതും. അല്ലാതെ ആള്‍ക്കൂട്ട ബഹളവും, താരപ്പകിട്ടും , നിലവാരം കുറഞ്ഞ തമാശകളും ഒക്കെ കൂടിച്ചേര്‍ന്ന താര നിശ നടത്തി ഏതെങ്കിലും ടെലിവിഷന്‍ ചാനലിന് വിറ്റല്ല ഒരു സര്‍ക്കാരിന്റെ ഏറ്റവും ഉന്നതമായ പുരസ്‌കാരങ്ങള്‍ നല്‍കേണ്ടത് എന്ന സാംസ്‌കാരിക നിലപാട് ഈ വര്‍ഷമെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കും എന്ന് കരുതുന്നു.

അവാര്‍ഡ് വിതരണ ചടങ്ങില്‍ അവാര്‍ഡ് കിട്ടിയവര്‍ക്കാണ് പ്രാധാന്യം. അവാര്‍ഡ് കൊടുക്കുന്ന മുഖ്യമന്ത്രിയും , സാംസ്‌കാരിക മന്ത്രിയും അവാര്‍ഡ് ജേതാക്കളും ആണ് ആ വേദിയിലെ പ്രധാനപ്പെട്ടവര്‍. ഇവരെ കൂടാതെ താരപ്പകിട്ടിനായി താരങ്ങളെ വിളിച്ചു വേദിയില്‍ കൊണ്ടുവരുന്ന രീതി നിര്‍ത്തണം.അതേ പോലെ പുരസ്‌കാരം കിട്ടിയവര്‍ ആണ് ആ വേദിയില്‍ ആദരിക്കപ്പെടേണ്ടത്. അല്ലാതെ സിനിമാ രംഗത്തെ മറ്റ് കുറേപ്പേരെ ആ വേദിയില്‍ പ്രത്യേകം വിളിച്ചു വരുത്തി പൊന്നാടയും ആദരവും നല്കുന്ന നിലവിലുള്ള രീതിയും നിര്‍ത്തണം. പുരസ്‌കാരം നേടിയവരെ മാത്രമാണ് ആ വേദിയില്‍ ആദരിക്കേണ്ടത്. താല്പര്യമുള്ള മറ്റ് ആളുകളെ ഒക്കെ വിളിച്ചു ആദരിക്കണം എന്ന് സാംസ്‌കാരിക വകുപ്പിന് വല്ല താല്‍പര്യവും ഉണ്ടെങ്കില്‍ അതിന് വേറെ ഒരു ചടങ്ങ് മറ്റൊരു അവസരത്തില്‍ സംഘടിപ്പിക്കുക. ഒരു സ്റ്റേറ്റ് സിനിമാ രംഗത്തെ ഉന്നത പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ആ വേദിയില്‍ അല്ല മറ്റുള്ളവരെ ആദരിക്കേണ്ടത്. അവിടെ ആദരിക്കപ്പെടേണ്ടത് ആ പുരസ്‌കാര ജേതാക്കള്‍ മാത്രം ആയിരിക്കണം

pathram desk 2:
Related Post
Leave a Comment