തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം സബ് കളക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. 27 സെന്റ് ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ കളക്ടര്‍ ഡോ. വാസുകി ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ തുടങ്ങാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭൂമിയും രേഖകളും പരിശോധിച്ചതില്‍നിന്ന് 27 സെന്റ് ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യം ഹൈക്കോടതിയെയും അറിയിക്കുമെന്നാണ് വിവരം.
നേരെത്ത ദിവ്യ സര്‍ക്കാര്‍ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി വി.ജോയ് എംഎല്‍എ പരാതി നല്‍കിയിരുന്നു. ഭൂമി നല്‍കിയത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ദിവ്യ എസ് അയ്യരെ സബ് കല്കടര്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.
വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലാണ് വിവാദ ഭൂമി. നിയമം അനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. റോഡരികിലെ കണ്ണായ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ. ലിജി ഹൈക്കോടതിയെ സമീപിച്ചത്. തഹസില്‍ദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തില്‍ പരാതിക്കാരിയെ കൂടി കേട്ട് തീര്‍പ്പാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ തഹസില്‍ദാറുടെ നടപടി അപ്പാടെ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം.
Leave a Comment