ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകും സീരിയലിലെ സംവിധായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നായിക നടി നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി. താരത്തിനൊപ്പമുണ്ടെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. തൊഴില്‍ രംഗത്തെ പീഡനം തുറന്ന് പറഞ്ഞ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്നും ഡബ്ല്യുസിസി പറഞ്ഞു.
ഉപ്പും മുളകും സീരിയലിന്റെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി നായിക നടി നിഷാ സാരംഗ് രംഗത്ത് എത്തിയിരുന്നു. ഫ്ളവേഴ്സ് ടിവിയുടെ ഫെയ്സ്ബുക്ക് പേജിലും നിഷാ സാരംഗിന് അനുകൂലമായി കമന്റുകളെത്തുന്നു. സംവിധായകനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
#അവള്‍ക്കൊപ്പം
ഇന്നലെ ഒരു നടി സ്വന്തം തൊഴില്‍ മേഖലയില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞത് സിനിമാ സീരിയല്‍ രംഗത്ത് നടന്നു പോരുന്ന പുരുഷാധിപത്യ പ്രവണതകളുടെ മറ്റൊരു തുറന്ന ഉദാഹരണമായി നമുക്ക് മുന്നില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.
കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ട് എന്തു തരം ബദ്ധിമുട്ടുകളുമുണ്ടായതായി സ്ത്രീകള്‍ റിപ്പോര്‍ട്ട് ചെയ്യതാല്‍ ഉടനെ തന്നെ അക്കാര്യത്തില്‍ ഡബ്ല്യു.സി.സി. എന്തു ചെയ്തു എന്ന ചോദ്യം ഉയര്‍ന്നു വരുന്നതും ഉയര്‍ത്തിക്കാണുന്നതും പതിവായിരിക്കുകയാണ്. ഡബ്ല്യു.സി.സി. എന്ന പ്രസ്ഥാനത്തിനുള്ള ഒരംഗീകാരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഒരു സ്ത്രീയും ബുദ്ധിമുട്ടിലകപ്പെടുന്നതോ പീഡിപ്പിക്കപ്പെടുന്ന ആയ ഒരു സാഹചര്യവും ഇവിടെ ഉണ്ടാകാന്‍ പാടില്ല . ഞങ്ങള്‍ നിലകൊള്ളുന്നത് തന്നെ അതിനാണ്. ചലച്ചിത്ര വ്യവസായ രംഗത്തെ ഒരു തൊഴിലിടമായി കണ്ട്, അവിടെ സ്ത്രീ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമപരമായി തന്നെ ആവശ്യമുള്ള ഒരു ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മറ്റി (ഐ.സി.സി) രൂപീകരിക്കാന്‍ വേണ്ടിയുള്ള നിരന്തരമായ പരിശ്രമത്തിലാണ് ഞങ്ങള്‍. 90 വയസ്സായ നമ്മുടെ സിനിമയില്‍ ഒരു ഐ.സി.സി. സംവിധാനം ഇല്ലെന്നത് തന്നെ അന്യായമാണ്.
എന്നാല്‍ ശമ്പളം വാങ്ങി നീതി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പോലീസിനോടോ മറ്റ് നീതി നിര്‍വ്വഹണ സംവിധാനങ്ങളോടോ ലക്ഷങ്ങള്‍ അംഗത്വ ഫീസായി കൈപറ്റി വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു പോരുന്ന ചലച്ചിത്ര രംഗത്തെ വന്‍ സംഘടനകളോടോ ചോദിക്കാത്ത ചോദ്യം , ഒരു വര്‍ഷം മാത്രം പ്രായമുള്ള , ഏതാനും സ്ത്രീകള്‍ മാത്രമുള്ള ഡബ്ല്യു.സി.സി.യോട് ചോദിക്കുന്നതിന് പിറകില്‍ നിഷ്‌ക്കളങ്കമായ താലപര്യമാണുള്ളത് എന്ന് ഞങ്ങള്‍ കരുതുന്നില്ല. അതിന് പിന്നില്‍ തീര്‍ത്തും സ്ഥാപിത താല്പര്യങ്ങള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ ഈ ചോദ്യം ചോദിക്കുന്നത് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയുള്ള അവള്‍ക്കൊപ്പം പോരാട്ടത്തില്‍ കുറ്റാരോപിതനൊപ്പം നിന്ന കക്ഷികളാണ്. എങ്കിലും ഇത് ഞങ്ങളുടെ ഉത്തരവാദിത്വബോധം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.
ഞങ്ങളുടെ ഈ പോരാട്ടത്തിന്റെ ഭാഗമായാണ് ചരിത്രത്തില്‍ ആദ്യമായി സിനിമാരംഗത്തെ പഠിക്കാന്‍ സര്‍ക്കാര്‍ ഹേമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. അവര്‍ പണി തുടങ്ങിക്കഴിഞ്ഞു എന്നത് പ്രത്യാശാഭരിതമാണ്. ഐ.സി.സി.രൂപീകരിക്കാതെ നമുക്ക് ഒരടി മുന്നോട്ട് പോകാനാകില്ല. അതിന്റെ രൂപീകരണത്തിലെത്താതെ ഞങ്ങള്‍ ഒരടി പിന്നോട്ടുമില്ല . ആക്രമിക്കപ്പെട്ട നടിയുടെ മാത്രമല്ല , ഇന്നലെ പരാതിയുമായി വന്ന നടി അടക്കമുള്ള ഓരോ വ്യക്തികളുടെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അതൊരു മുന്‍ ഉപാധിയാണ്.
ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്ക് വേണ്ടിയാണ്. അത് നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണ്.
തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാദിത്വമുണ്ട്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തപ്പെടുന്ന നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ആ പണി ചെയ്യുന്നില്ലെങ്കില്‍ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തിരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കുണ്ട്.ഞങ്ങള്‍ക്കുമുണ്ട്. ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും .
സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും നിഷ പറയുന്നു. സീരിയിലിന്റെ സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താന്‍ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയില്‍ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാള്‍ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി. അതുകൊണ്ട് ഉപ്പും മുളകില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാല്‍ ചാനല്‍ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാന്‍ അമേരിക്കയില്‍ നടന്ന അവാര്‍ഡ് ഷോയ്ക്ക് പോയതെന്നും നിഷ വിശദീകരിക്കുന്നു.
താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗതര്‍ എന്ന പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം കഴിച്ച വ്യക്തിയാണ് താന്‍. പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധായകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയതെന്നും നിഷാ സാരംഗ് പറയുന്നു. മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.
മുന്‍പ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാന്‍ വരും. മോശമായ വാക്കുകള്‍ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകള്‍ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടീ പോടി എന്ന് തുടങ്ങി മോശം വാക്കുകള്‍ വരെ വിളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശ്രീകണ്ഠന്‍ സാറിന് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാര്‍ണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാന്‍ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത്.
ലൊക്കേഷനില്‍ വെച്ച് പലതവണ സംവിധായകന്‍ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പല തവണ പരാതി നല്‍കിയിരുന്നു. എം.ഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. സംഘടനകളില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് എല്ലാം സഹിച്ചത്. അവധി പോലും എടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍. അച്ഛനില്ലാതെയാണ് ഞാന്‍ എന്റെ രണ്ട് മക്കളെ വളത്തിയത്. മൂത്ത മകളുടെ കല്യാണത്തിനും അവളുടെ പ്രസവത്തിനുമെല്ലാം വെറും മൂന്നു ദിവസമാണ് ഞാന്‍ അവധിയെടുത്ത് പോയത്. അവളുടെ പ്രസവം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു.
കുഞ്ഞ് ഒരു മാസത്തിനോളം ഐ.സി.യുവില്‍ ആയിരുന്നു. എന്നിട്ടും ഞാന്‍ കാരണം ആ പരിപാടിക്കൊന്നും സംഭവിക്കരുതെന്ന് കരുതി അഭിനയിച്ചു. എല്ലാം സഹിച്ച് ഞാന്‍ നിന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്. ഞാന്‍ ജോലി എടുത്താലേ കാര്യങ്ങള്‍ മുന്നോട്ട് പോകുമായിരുന്നുള്ളൂ. എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കാനാണ് ഞാന്‍ എല്ലാം ക്ഷമിച്ചത്. എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ആ സംവിധായകന്‍ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം, അങ്ങനെയാണെങ്കില്‍ മാത്രം താന്‍ അഭിനയിക്കുമെന്നും നിഷ വ്യക്തമാക്കി.
അതേസമയം നിഷയ്ക്ക് പിന്തുണയുമായി അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിയും എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്ത് നിഷയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
Leave a Comment