നിഷ സാരംഗിന് ‘അമ്മ’യുടെ പിന്തുണ അറിയിച്ച് മമ്മൂട്ടിയുടെ കോള്‍..!!! ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊരുങ്ങി ഫ്‌ളവേഴ്‌സ് ചാനല്‍….

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനലിലെ ‘ഉപ്പും മുളകും’ സീരിയലിന്റെ സംവിധായകനെതിരെ രംഗത്ത് വന്ന നടി നിഷാ സാരംഗിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്. സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇനി അഭിനയിക്കില്ലെന്നും നിഷ തുറന്ന് പറഞ്ഞിരിന്നു. ചാനലിന് ഏറ്റവും റേറ്റിങുള്ള സീരിയലില്‍ നിന്ന് നിഷ പോയാല്‍ പിന്നെയത് കാണില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കി. ഇപ്പോള്‍ നിഷയ്ക്ക് പിന്തുണയുമായി ‘അമ്മ, ആത്മ സംഘടന, ഫ്ളവേഴ്സ് ചാനല്‍’ എന്നിവര്‍ രംഗത്തെത്തി. അമ്മയുടെ പിന്തുണയറിയിച്ച് മമ്മുട്ടിയാണ് നിഷയെ വിളിച്ചത്.

നടി മാലാ പാര്‍വ്വതിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായി ചാനലും, പിന്തുണയറിയിച്ച് മമ്മൂട്ടിയും വിളിച്ചെന്ന് അറിയിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം സീരിയലില്‍ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കും. സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഫ്ളവേഴ്സ് ചാനലില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുമണിയ്ക്കാണ് ‘ഉപ്പും മുളകും’ സംപ്രേഷണം ചെയ്യുന്നത്.

ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ ഒരു മാധ്യമത്തോട് പറഞ്ഞു.

സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. അതേസമയം, തന്നെ വ്യക്തി പരമായും അധിക്ഷേപിച്ചതായി നിഷ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ പറയുന്നു.

സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്. വിഷയത്തില്‍ ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിഷ പറഞ്ഞു. അതേസമയം, തന്നോടുള്ള ദേഷ്യം സീരിയലിലെ കഥാപാത്രത്തെ മോശമാക്കി ചിത്രീകരിച്ച് തീര്‍ക്കുകയാണെന്നും നിഷ ആരോപിക്കുന്നു. ഉപ്പും മുളകിലും ഈ സംവിധായകനൊപ്പം തുടരാന്‍ തനിക്ക് കഴിയില്ലെന്നും നിഷ വ്യക്തമാക്കി. ഉപ്പും മുളകും തനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ് എന്നാല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട് കുടുംബത്തിന് വേണ്ടിയാണ് താന്‍ എല്ലാം സഹിച്ചത്, നിഷ പറഞ്ഞു. തന്നോടുള്ള വൈരാഗ്യം തന്റെ കഥാപാത്രത്തോടും കാട്ടുകയാണെന്നും താരം ആരോപിച്ചു. ഡയറക്ടര്‍ ഉള്ളിടത്തോളം കാലം താന്‍ ആ സീരിയലിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് ഒരു തരത്തിലുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം. അങ്ങനെയാണെങ്കില്‍ മാത്രം അഭിനയിക്കാമെന്നും നിഷ പറഞ്ഞു.

അതേസമയം നിഷാ സാരംഗിന് പിന്തുണയുമായി വനിതാ സംഘടനയായ ഡബ്ല്യുസിസി രംഗത്തെത്തിയിട്ടുണ്ട്. താരത്തിനൊപ്പമുണ്ടെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. തൊഴില്‍ രംഗത്തെ പീഡനം തുറന്ന് പറഞ്ഞ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്നും ഡബ്ല്യുസിസി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സ്വമേധയാ കേസെക്കാന്‍ നിര്‍ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ അറിയിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ജോസഫൈന്‍ പറഞ്ഞു.

തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയ്യാറാകണം. എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ പീഡിപ്പിക്കെപ്പെടുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അതിജീവനത്തിനു വേണ്ടി തന്റെ മൂല്യങ്ങള്‍ കാത്തുവച്ച് പോരാടിയ നടിക്ക് സംവിധായകനില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ അപലപനീയമാണ്. ഈ വിഷയത്തില്‍ പൊലീസും ശക്തമായി ഇടപെടണമെന്നും ജോസഫൈന്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment