സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനുപിന്നാലെ കെ.സി.എയില്‍ കൂട്ടരാജി

കൊച്ചി: മുന്‍ സെക്രട്ടറി ടി.സി മാത്യുവിന്റെ കാലത്തെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനുപിന്നാലെ കെ.സി.എയില്‍ കൂട്ടരാജി. കെ.സി.എ സെക്രട്ടറിയും പ്രസിഡന്റുമടക്കമുള്ള ഭാരവാഹികളാണ് രാജിവെച്ചത്.എന്നാല്‍ ലോധാകമ്മറ്റി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിശദീകരണം. 9 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയന്റ് സെക്രട്ടറിയും സ്ഥാനമൊഴിയണമെന്നായിരുന്നു ലോധ കമ്മിറ്റി ശുപാര്‍ശ.

സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് ബി.സി.സി.ഐ പ്രതിനിധിയായി തുടരും. സാജന്‍ കെ. വര്‍ഗീസാണ് പുതിയ പ്രസിഡന്റ്. അഡ്വ. ശ്രീജിത് വി. നായരാണ് പുതിയ സെക്രട്ടറി.നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടി.സി മാത്യുവിന്റെ ഭരണകാലത്ത് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായി ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2.16 കോടി രൂപയുടെ ക്രമക്കേടാണ് ടി.സി മാത്യു സെക്രട്ടറിയായിരുന്ന കാലയളവില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇടുക്കി, കാസര്‍കോട് സ്റ്റേഡിയങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ട്. ഇതിലൂടെ കെ.സി.എയ്ക്കു നഷ്ടമായ പണം ടിസി മാത്യുവില്‍നിന്നു തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.അതേസമയം തനിക്കെതിരായ റിപ്പോര്‍ട്ട് ഗൂഢാലോചനയാണെന്നായിരുന്നു ടി.സി മാത്യുവിന്റെ പ്രതികരണം.

pathram desk 2:
Related Post
Leave a Comment