കൊച്ചി:ഏറെ പ്രതീക്ഷയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസുമായി മോഹന്‍ലാല്‍ മലയാളിക്ക് മുന്നിലെത്തിയത്. മറ്റു ഭാഷകളിലെ ഷോ കണ്ട മലയാളികളും ഏറെ ആകാംക്ഷയോടെയാണ് ബിഗ്ബോസ് മലയാളത്തിനായി കാത്തിരുന്നത്. എന്നാല്‍ ആരംഭം മുതല്‍ പരിപാടിയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ഇങ്ങനെയൊരു പരിപാടിയില്‍ അവതാരകനായി വരാന്‍ കാരണമെന്താണ് എന്നാണ് പലരും മോഹന്‍ലാലിനോട് ചോദിക്കുന്നത്. നൂറ് ദിവസം കൊട്ടാരം പോലുള്ള വീട്ടിനുള്ളില്‍ കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും കഴിയുന്നതില്‍ എന്ത് ബിഗ് കാര്യമാണ് താങ്കള്‍ കാണുന്നത്. അവര്‍ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണോ താങ്കള്‍ ഞങ്ങളെ കാണിച്ചുതരാന്‍ ഉദ്ദേശിക്കുന്നത്, തുടങ്ങി ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ്:
പ്രിയപ്പെട്ട മോഹന്‍ലാല്‍…
താങ്കള്‍ കുറേ നാളായി എന്തോ ‘വല്യ’ ഒരു കാര്യം മലയാളികളെ കാണിക്കുമെന്ന് ടിവിയിലൂടെ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും പ്രതീക്ഷിച്ചു. വ്യത്യസ്തമായ എന്തെങ്കിലും…. മുമ്പൊരിക്കല്‍ മറ്റൊരു ചാനലില്‍ വന്ന ഒരു പരിപാടി അതേപോലെ കോപ്പിയടിച്ചാണോ താങ്കള്‍ മലയാളികള്‍ക്ക് ബിഗ് സര്‍പ്രൈസ് തരുന്നത്. ആ പ്രോഗ്രാം മലയാളികള്‍ അന്ന് പുച്ഛിച്ചു തള്ളിയതാണ്. താങ്കള്‍ പറയുന്ന 60 ക്യാമറകളും 100 ദിവസവും.
എല്ലാ ആഡംബരവും നിറച്ച കൊട്ടാരസദൃശമായ കെട്ടിടത്തില്‍ 100 ദിവസം കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും കഴിയുന്നതില്‍ എന്ത് ബിഗ് കാര്യമാണ് താങ്കള്‍ കാണുന്നത്. അവര്‍ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണോ താങ്കള്‍ ഞങ്ങളെ കാണിച്ചുതരാന്‍ ഉദ്ദേശിച്ചത്. അതില്‍ ‘അഭിനയിക്കുന്നവര്‍’ വീടു കാണാതെ 100 ദിവസം നില്‍ക്കുന്നത് നിങ്ങള്‍ക്ക് വലിയ കാര്യമായിരിക്കും. എന്നാല്‍ നാടും വീടും വിട്ട് അന്യരാജ്യങ്ങളില്‍ ഇത്തരം ആഡംബരമൊന്നുമില്ലാതെ കഷ്ടപ്പെടുന്നവരെ താങ്കള്‍ എങ്ങനെ വിശേഷിപ്പിക്കും? ഇത്തരമൊരു പരിപാടിയില്‍ അവതാരകനായി വരാന്‍ തോന്നിയതിന് പിന്നിലെ കാരണം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. പഴമക്കാര്‍ പറയും പോലെ ഈ പ്രോഗ്രാമിലുള്ളവരോട് ഒന്നേ പറയാനുള്ളൂ… ‘കന്നു കൂത്താടിയാല്‍ കൊള്ളാം കാള കൂത്താടിയാല്‍ എന്തിനു കൊള്ളാം?’
പ്രിയ മോഹന്‍ലാല്‍… ഈ പരിപാടി കുത്തിയിരുന്ന് കണ്ടിട്ടാണല്ലോ ഞാന്‍ ഇത് എഴുതിയത് എന്ന് കരുതേണ്ട. താങ്കള്‍ 100 ദിവസവും 60 ക്യാമറയുമൊക്കെ പറഞ്ഞപ്പോഴേ മണമടിച്ചതാണ് ഇത് ഇത്തരത്തിലുള്ള അധ:പതനം ആയിരിക്കുമെന്ന്. കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയാണെന്ന് മനസിലാക്കാന്‍ കഴിവുള്ളവരാണ് മലയാളികള്‍. പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഞാന്‍ പറയുന്നില്ല. അത് അവരുടെ വയറ്റുപിഴപ്പാണ്. പക്ഷേ താങ്കള്‍ എന്തിന് ഈ അധ:പതിച്ച പ്രോഗ്രാമിന്റെ അവതാരകനായി? മലയാളികളുടെ മനസ്സില്‍ താങ്കള്‍ക്കുള്ള സ്ഥാനം താങ്കള്‍ക്കു തന്നെ അറിയാതെ പോയോ? ‘ആകര്‍ഷകമായ’ വേഷവിധാനം ഇട്ട് പേക്കൂത്ത് കാണിച്ചാല്‍ എല്ലാവരും സ്വന്തം പണം മുടക്കി SMS അയയ്ക്കുമെന്ന് കരുതിയെങ്കില്‍ താങ്കള്‍ക്കും അണിയറക്കാര്‍ക്കും തെറ്റി എന്ന് ഉറപ്പിച്ചോളൂ കേട്ടോ..
ഇത് ഒരു ബിഗ് ബിഗ് ഫ്ലോപ് ആകുമെന്നതില്‍ മാത്രം സംശയം വേണ്ട.
Leave a Comment