മരണത്തിന് ഉത്തരവാദി സിപിഎം നേതാവ്; വീടുപണിക്ക് നേതാവ് വിറ്റ സ്വര്‍ണത്തിന്റെ കണക്ക് ഞങ്ങളുടെ തലയില്‍ വച്ചുകെട്ടി; ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ

ചങ്ങനാശേരി: പൊലീസ് ചോദ്യം ചെയ്തുവിട്ട ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ ഉത്തരവാദിത്തമാണ് തലയില്‍വച്ചു കെട്ടിയതെന്നും ആരോപണം. നഷ്ട്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പൊലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും കുറിപ്പിലുണ്ട്. സുനില്‍കുമാറിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യാകുറിപ്പ് തയാറാക്കിയത്.

ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് രേഷ്മ കുറിപ്പിലെ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്റെ വീട്ടില്‍ ഭര്‍ത്താവ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് രേഷ്മ കുറിപ്പില്‍ സമ്മതിക്കുന്നു.

എന്നാല്‍ ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്തവും ഞങ്ങളുടെ തലയില്‍ കെട്ടിവെച്ച് പൊലീസില്‍ പരാതി നല്‍കിയെന്നാണ് കുറിപ്പിലെ ആരോപണം. എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നല്‍കാമെന്ന് പൊലീസ് മര്‍ദിച്ച് സമ്മതിപ്പിച്ച് എഴുതി വെപ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതു കൊണ്ട് ഞങ്ങള്‍ മരിക്കുന്നു. ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിവെച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.
വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. സ്വര്‍ണ പണിക്കാരനായ സുനില്‍ ഒരു വര്‍ഷം മുന്‍പാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രേഷ്മയെ വിവാഹം കഴിച്ചത്.

അതിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചങ്ങനാശേരിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. പൊലീസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. സംഭവം വിവാദമായതിനു പിന്നാലെ ചങ്ങനാശേരി എസ്‌ഐ ഷമീര്‍ ഖാനെ സ്ഥലം മാറ്റി. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല നല്‍കി. കോട്ടയം മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്മാരുടെ സംഘം ദമ്പതികളുടെ പോസ്റ്റ് മോര്‍ട്ടം നടത്തും. ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇത്.
ചങ്ങനാശേരി പൊലീസ് സ്‌റ്റേഷനിലേക്കു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും പൊലീസ് സ്‌റ്റേഷന്‍ പരിസരത്തും സംഘര്‍ഷാവസ്ഥയാണ്.

സ്വര്‍ണപ്പണിക്കാരനായ സുനില്‍ സിപിഎം കൗണ്‍സിലര്‍ സജി കുമാറിന്റെ ആഭരണ നിര്‍മാണ ശാലയിലാണു ജോലി ചെയ്യുന്നത്. ഇവിടെനിന്നു സ്വര്‍ണം മോഷണം പോയി എന്ന പരാതിയില്‍ തിങ്കളാഴ്ച സുനിലിനെ പൊലീസ് വിളിപ്പിച്ചു. രേഷ്മയ്‌ക്കൊപ്പമാണ് സുനില്‍ സ്‌റ്റേഷനില്‍ എത്തിയത്. ഇവിടെവച്ചു പൊലീസ് മര്‍ദിച്ചു കൊല്ലാറാക്കിയെന്ന് ബന്ധു അനിലിനോട് സുനില്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്തതായാണു പറയുന്നത്. രാത്രി ഒന്‍പതോടെയാണു വിട്ടയച്ചത്. ബുധനാഴ്ച വൈകിട്ടു നാലു മണിക്കകം സ്വര്‍ണം തിരികെ എത്തിക്കണമെന്നും പൊലീസ് അന്ത്യശാസനം നല്‍കി. 75 പവന്‍ സ്വര്‍ണമുണ്ടായിരുന്നതായാണു പറയുന്നത്. സ്വര്‍ണം നല്‍കിയില്ലെങ്കില്‍ എട്ടു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.

കാണാതായ ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞായിരുന്നു മര്‍ദനമെന്നും ബന്ധു പറയുന്നു. സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സജിയും ഭീഷണിപ്പെടുത്തിയതായി ബന്ധു പറഞ്ഞു. പൊലീസ് സ്‌റ്റേഷന്‍ വിട്ടതോടെ മനോവിഷമത്തിലായിരുന്നു സുനില്‍. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പായി സുനില്‍കുമാര്‍ അനിലിനെ കാണാന്‍ വന്നിരുന്നു. എന്തു ചെയ്യുമെന്നു ചോദിച്ചു. സജിയോടു ചോദിക്കട്ടേയെന്നു പറഞ്ഞു.

വീട്ടില്‍ പോയി അല്‍പസമയം കഴിഞ്ഞപ്പോള്‍ സുനില്‍ വിളിച്ചു. കത്ത് എഴുതിവച്ചിട്ടുണ്ടെന്നു മാത്രം പറഞ്ഞു. തുടര്‍ന്ന് സജിയെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ‘അവന്‍ ചത്താലും എനിക്കൊന്നുമില്ല. അവന്‍ പേടിപ്പിക്കാന്‍ ചെയ്യുന്നതാണ് ഇതെല്ലാം’ എന്നായിരുന്നു പ്രതികരണം. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ വൈകിട്ട് മൂന്നു മണിയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular