മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്തവര്‍ കുടുങ്ങും

പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡയറിയില്‍ എഴുതുന്ന ചിത്രം മോര്‍ഫ് ചെയ്ത് മാറ്റി സദ്യകഴിക്കുന്നതാക്കി മാറ്റി പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുത്തു. പിണറായി പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എടുത്ത ചിത്രമാണ് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രി ജനറല്‍ ഡയറി എഴുതുന്ന ചിത്രം മുറിച്ച് മാറ്റി സദ്യകഴിക്കുന്ന പഴയൊരു ചിത്രം ഒട്ടിച്ച് ചേര്‍ക്കുകയിരുന്നു. ഡിജിപി ഉള്‍പ്പടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും തൊട്ടടുത്ത് തന്നെ നില്‍ക്കുന്ന ചിത്രമാണ് മോര്‍ഫ് ചെയ്തത്. പിണറായി പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം റജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

ഡിജിപി, എഡിജിപി, ഐജി, കണ്ണൂര്‍ എസ്പി തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍പിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കുന്നു. ദാസ്യപണി വിവാദം കത്തി നില്‍ക്കുന്ന സമയമായതിനാല്‍ ഈ ചിത്രവും സൈബര്‍ ലോകത്ത് പാറി പറക്കുകയാണ്. ഏതോ രാഷ്ട്രീയ എതിരാളി സോഫ്റ്റ്്വെയര്‍ ഉപയോഗിച്ച് മുറിച്ചൊട്ടിച്ച ചിത്രം വൈറലാകുകയും ചെയ്തു. ചിത്രം കാണുന്നവര്‍ മോര്‍ഫ് ചെയ്ത ചിത്രമാണെന്ന വസ്തുത അറിഞ്ഞും അറിയാതെയും ഷെയര്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.

സ്വന്തം നാട്ടിലെ ചിത്രത്തിന് തന്നെയാണ് മോര്‍ഫിങ് നടന്നിരിക്കുന്നത്. വീടിനടുത്ത് പുതിയതായി ആരംഭിച്ച പിണറായി പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ കസേരയിലിരുന്ന് ജനറല്‍ ഡയറിയില്‍ ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി രേഖപ്പെടുത്തി. ഈ ചിത്രമാണ് മോര്‍ഫ് ചെയ്യപ്പെട്ടത്.

pathram:
Related Post
Leave a Comment