സ്ത്രീയെന്ന പരിഗണന പോലും തരാതെ തന്നെ കടന്നാക്രമിക്കുന്നു,ഇതിനു പിന്നില്‍ വ്യക്തമായ അജണ്ടകളെന്ന് ഊര്‍മിളാ ഉണ്ണി

കൊച്ചി: ജൂണ്‍ 24ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡിയില്‍ നടന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഊര്‍മ്മിള ഉണ്ണിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പുരസ്‌കാര ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഊര്‍മ്മിള ഉണ്ണി നല്‍കിയ മറുപടികള്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് നടി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ എല്ലാവരും തന്നെ കടന്നാക്രമിക്കുകയാണെന്നും ഇതിനു പിന്നില്‍ മുന്‍കൂട്ടി ഉറപ്പിച്ച വ്യക്തമായ അജണ്ടകള്‍ ഉണ്ടെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് സത്യാവസ്ഥ എന്തെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ വലിയ വിഷമം ഉണ്ടാക്കി. ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് പറഞ്ഞ ഊര്‍മ്മിള ഊണ്ണി ദിലീപിനെ തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ച് യോഗത്തില്‍ താന്‍ ചോദ്യമുന്നയിച്ചിരുന്നുവെന്നും എന്നാല്‍ മാധ്യമങ്ങളില്‍ വന്നത് പലരുടേയും ഭാവനയാണെന്നും പറയുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ആര് പറയുന്നതാണ് ശരിയെന്ന് തനിക്കിത് വരെ മനസിലായിട്ടില്ലെന്നും നടിക്ക് താന്‍ പിന്തുണ നല്‍കിയിരുന്നതായും ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാന്‍ തനിക്ക് മാത്രമേ ധൈര്യം ഉണ്ടായിരുന്നുള്ളുവെന്നും ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിലെ വേലക്കാരിയെ രണ്ടു ദിവസം കാണാതിരുന്നാല്‍ അവര്‍ മടങ്ങി വരുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത്തരത്തിലുള്ള സംശയമാണു തന്റെ ഭാഗത്തു നിന്നുണ്ടായത്. യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്തു വരുന്ന വാര്‍ത്തകളില്‍ പലതും വാസ്തവ വിരുദ്ധമാണ്. താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊര്‍മിള പറഞ്ഞു.

അതേസമയം ഊര്‍മിളയുടെ പ്രസ്താവനയെ കളിയാക്കി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി.’വേലക്കാരിയായിരുന്തലും നീ എന്‍ മോഹ വല്ലി എന്ന് നടി….വന്‍ തോല്‍വിയായിപ്പോയി.’- എന്ന് ദിവ്യ സമൂഹമാധ്യമത്തില്‍ കുറിച്ചു.

pathram desk 2:
Related Post
Leave a Comment