ആദ്യം മമ്മൂട്ടി ഉണ്ടെന്ന്, പിന്നെ അതിഥി താരമാണെന്ന്..!! ദിലീപ് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന്; ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചീറ്റിപ്പോയ പ്രഖ്യാപനം …

തൃശൂര്‍: അഭിഭാഷകന്‍ ബി.എ.ആളൂര്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന് അവാസ്തവം എന്ന് പേരിട്ടു. ദിലീപിനു വേണ്ടി നിരാഹാരം കിടന്ന സലിം ഇന്ത്യയാണ് സംവിധാനം. സിനിമയുടെ പോസ്റ്ററുമായി തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തിനെത്തി. പോസ്റ്റര്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഞെട്ടി. മമ്മൂട്ടിയുടെ ചിത്രം.

സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോയെന്ന് ആളൂര്‍ വക്കീലിനോട് ആദ്യം ചോദിച്ചു. ”ഉവ്വ്, മമ്മൂട്ടി അഭിനയിക്കും. പ്രാരംഭ ചര്‍ച്ചകളിലാണ്”. സംശയം തോന്നിയ മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടിയുടെ സഹായികളുമായി ബന്ധപ്പെട്ട് കയ്യോടെ കാര്യം അന്വേഷിച്ചു. ഇങ്ങനെയൊരു സിനിമയുടെ കാര്യം മമ്മൂട്ടി അറിഞ്ഞിട്ടു പോലുമില്ല.

ഇക്കാര്യം, സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ചോദിച്ചപ്പോള്‍ ഉരുണ്ടുകളി. ”ഇല്ല, മമ്മൂട്ടിയുടെ സഹായിയുമായാണ് സംസാരിച്ചത്. ഒരു ഗസ്റ്റ് റോള്‍ ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. അതേപ്പറ്റി സംസാരിക്കാന്‍ മമ്മൂട്ടിയെ കാണാന്‍ കഴിയുമോയെന്ന് തിരക്കി. അദ്ദേഹം ഹൈദരാബാദിലാണ്. വന്നു കഴിഞ്ഞാല്‍ കാണാമെന്നാണ് കിട്ടിയ മറുപടി”. സാക്ഷാല്‍ മമ്മൂട്ടി പോലും അറിയാതെ അദ്ദേഹത്തിന്റെ ചിത്രം പോസ്റ്ററാക്കിയ അണിയറ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ക്കു മറുപടിയില്ലാതെ കുഴഞ്ഞു.

പിന്നെ, അടുത്ത ഊഴം ദിലീപിന്റെ പേരിലായി. സിനിമ നിര്‍മിക്കാന്‍ അഞ്ചു കോടി രൂപ ദിലീപ് വാഗ്ദാനം ചെയ്തുവെന്നായിരുന്നു ഇവരുടെ അവകാശവാദം. പിന്നെ, വിവാദം ഭയന്ന് ദിലീപ്തന്നെ പിന്‍മാറിയെന്ന് പ്രസ് റിലീസില്‍ പറയുന്നു. ദിലീപിന്റെ അടുപ്പക്കാരുമായി ബന്ധപ്പെട്ട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹവും ഇങ്ങനെയൊരു കാര്യം അറിഞ്ഞ മട്ടില്ല. ഡി.ജി.പി : ലോക്നാഥ് ബെഹ്റയുടെ റോളാണത്രെ ദിലീപ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ റോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍നായരുടേതാണത്രെ.

അന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി.: ബി.സന്ധ്യയുടെ റോള്‍ ചെയ്യുന്നത് നടി വരലക്ഷ്മിയാണെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു. ഇങ്ങനെ, യഥാര്‍ഥ പേരുകള്‍ സിനിമയില്‍ അവതരിപ്പിക്കുന്നത് നിയമപരമായി തെറ്റല്ലേയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഉടനെ വന്നു ഉത്തരം ”കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്‍പ്പികം”. നിര്‍മാണ ചെലവ് പത്തു കോടി രൂപയാണത്രെ. പണം ആരിറക്കുമെന്ന് ചോദിച്ചപ്പോള്‍ അതിനൊക്കെ കൈവശം ആളുണ്ടെന്നാണ് ആളൂര്‍ വക്കീലിന്റെ മറുപടി.

പള്‍സര്‍ സുനിയുടെ വക്കീലായിരുന്ന ആളൂര്‍ വക്കീല്‍ അതേ വേഷത്തില്‍ തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നത്. ദിലീപ് ജയിലിലായിരുന്നപ്പോള്‍ ചാലക്കുടിയില്‍ നിരാഹാരം കിടന്ന സലിം ഇന്ത്യ ഇതേറോള്‍ സിനിമയില്‍ അഭിനയിക്കുമോയെന്നായി അടുത്ത ചോദ്യം. നിരാഹാരം സിനിമയില്‍ നിന്ന് ഒഴിവാക്കിയത്രെ. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളിലെ ചാനല്‍ ചര്‍ച്ചകളും സിനിമയില്‍ കാണിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സാക്ഷാല്‍ മാധ്യമപ്രവര്‍ത്തകരെതന്നെ ഈ റോളില്‍ അഭിനയിപ്പിക്കാനാണ് നീക്കം. ഇക്കാര്യം, മാധ്യമപ്രവര്‍ത്തകര്‍ ആരെങ്കിലുമായി സംസാരിച്ചോയെന്ന് ചോദിച്ചപ്പോള്‍ അതും ഇല്ലെന്നായിരുന്നു മറുപടി.

സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഇങ്ങനെയൊരു വാര്‍ത്താസമ്മേളനം വേണോ?.. അതും പ്രമുഖ നടന്‍മാരുടെ ചിത്രം സഹിതമുള്ള പോസ്റ്റര്‍ അടിച്ചൊരു വാര്‍ത്താസമ്മേളനം… ഇതിനൊന്നും കൃത്യമായ മറുപടികളില്ല. പക്ഷം പിടിക്കാത്ത സിനിമയാണത്രെ. ഇരയുടേയും പ്രതിയുടേയും അന്വേഷണ ഉദ്യോഗസ്ഥരുടേയും പക്ഷം പിടിക്കാത്ത സിനിമ. കോടതിയുടെ വിചാരണയിലിരിക്കുന്ന ഒരു കേസില്‍ ഇങ്ങനെ സിനിമ പിടിക്കാമോയെന്ന് ആളൂര്‍ വക്കീലിനോട് ചോദിച്ചെങ്കിലും സൗമ്യ സംഭവം സിനിമയായെന്നായിരുന്നു മറുപടി.

അത്, സൗമ്യ കേസില്‍ വിധി വന്നശേഷമല്ലേയെന്ന തിരിച്ചു ചോദിച്ചപ്പോള്‍ അക്കാര്യം ആളൂര്‍ വക്കീല്‍ സമ്മതിച്ചു. ചിത്രീകരണം ഓണത്തിന് തുടങ്ങുമെന്നാണ് അറിയിപ്പ്. സിനിമയുടെ ആദ്യ പ്രഖ്യാപനത്തില്‍ തന്നെ പച്ചക്കള്ളങ്ങള്‍ പൊളിഞ്ഞ നിലയ്ക്ക് ആരൊക്കെ അഭിനയിക്കുമെന്ന് കാത്തിരുന്നു കാണാം.

pathram desk 2:
Related Post
Leave a Comment