മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിന്റെ കൊലപാതകം: മുഖ്യപ്രതി അറബിക് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഒളിവില്‍, 15 പ്രതികളെന്ന് ദൃക്സാക്ഷി മൊഴി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ മുഖ്യ പ്രതി ഒളിവില്‍. മഹാരാജാസിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും വടുതല സ്വദേശിയുമായ മുഹമ്മദാണ് മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ 15 പ്രതികളുണ്ടെന്ന് പൊലീസിന് ദൃക്സാക്ഷി മൊഴി നല്‍കി.

അതേസമയം പ്രതികളെ പിടികൂടാന്‍ പൊലീസ് തെരച്ചില്‍ വ്യാപകമാക്കിയിരിക്കുകയാണ്. 17 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്യാംപസിനു പുറത്തുനിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിനു നേതൃത്വം നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച അര്‍ധരാത്രിയോടെ കോളെജിലുണ്ടായ എസ്എഫ്ഐ- എസ്ഡിപിഐ സംഘര്‍ഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ തയ്യാറാക്കുന്നതിനിടെയാണ് കുത്തേറ്റത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7