ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്ത്, വിജയം മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക്

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് കസാനില്‍ വിരാമം. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്തായി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഈ വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. പോര്‍ച്ചുഗല്‍യുറഗ്വായ് പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് അവിടെ ഫ്രാന്‍സിന്റെ എതിരാളികള്‍. അതേസമയം, രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട മിഡ്ഫീല്‍ഡര്‍ ബ്ലെയിസ് മറ്റിയൂഡിക്ക് അടുത്ത മല്‍സരത്തില്‍ ഫ്രഞ്ച് നിരയില്‍ ഇറങ്ങാനാകില്ല.

രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകള്‍ നേടിയ കെയ്ലിയന്‍ എംബാപ്പെയുടെ കരുത്തിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. പാവാര്‍ഡിലൂടെ 58ാം മിനുട്ടില്‍ ഫ്രാന്‍സ് രണ്ടാം ഗോള്‍ വലയിലാക്കി ഇരു ടീമുകളും തുല്ല്യത പാലിക്കുകയായിരുന്നു. 64, 68 മിനുട്ടുകളിലാണ് എംബാപ്പെ വല ചലിപ്പിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ നായകന്‍ ലയണല്‍ മെസ്സിയുടെ ഗോള്‍ ശ്രമം. ഫ്രഞ്ച് ബോക്സില്‍ വച്ച് പാകത്തില്‍ പന്ത് കിട്ടിയപ്പോള്‍ മെസി ഷോട്ടുതിര്‍ത്തു. മെസിക്ക് മുന്നില്‍ നിന്ന മെര്‍ക്കാഡോയുടെ കാലില്‍ തട്ടി പന്ത് ഫ്രഞ്ച് വലയില്‍ കയറി. തൊട്ടുപിന്നാലെയാണ് പാവാര്‍ഡിലൂടെ ഫ്രാന്‍സ് സമനില സ്വന്തമാക്കിയത്.

നേരത്തെ ഒന്നാം പകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി തുല്ല്യത പാലിച്ചിരുന്നു. 41ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ സുന്ദരന്‍ ലോങ് റെയ്ഞ്ച് ഷോട്ടാണ് അര്‍ജന്റീനയ്ക്ക് സമനിലയൊരുക്കിയത്. എവര്‍ ബനേഗ കൈമാറിയ പന്താണ് മികച്ച ഷോട്ടിലൂടെ മരിയ വലയിലാക്കിയത്. നേരത്തെ 12ാം മിനുട്ടില്‍ സ്വന്തം ബോക്സില്‍ നിന്ന് പന്തുമായി കുതിച്ച കെയ്ലിയന്‍ എംബാപ്പെയെ ബോക്സില്‍ വച്ച് മാര്‍ക്കസ് റോജ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. കിക്കെടുത്ത അന്റോയിന്‍ ഗ്രിസ്മാന്‍ ഒരു പഴുതും അനുവദിക്കാതെ പന്ത് വലയിലാക്കി ഫ്രഞ്ച് പടയെ മുന്നിലെത്തിക്കുകയായിരുന്നു.

pathram desk 2:
Related Post
Leave a Comment