കോട്ടയം: കെവിന്‍ വധക്കേസില്‍ സാക്ഷിയുടെയും രണ്ടു പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നീനുവിന്റെ അമ്മ രഹ്നയെ അന്വേഷണസംഘം ചോദ്യംചെയ്യും. ചൊവ്വാഴ്ച രാവിലെ ഡിവൈ.എസ്.പി: ഗിരീഷ് പി. സാരഥിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് രഹ്നയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രധാന സാക്ഷി അനീഷിനെ പുറമേ രണ്ടു പ്രതികളും രഹ്നയാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് ആരോപിച്ചിരുന്നു. എന്നാല്‍, കെവിന്‍ കൊല്ലപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടും രഹ്നയെ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. രഹ്നയെ പ്രതിയാക്കേണ്ടെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ പൊലീസ്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനു തലേന്നു രഹ്ന മാന്നാനത്തെത്തി പരസ്യമായി ഭീഷണി മുഴക്കിയെന്നു പ്രധാന സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു.
അതിനിടെ, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കെവിന്റേതു മുങ്ങിമരണമാണോ മുക്കിക്കൊന്നതാണോ എന്നതില്‍ വ്യക്തത വരുത്താന്‍ ഫൊറന്‍സിക് സംഘം ഇന്നലെ പുനലൂര്‍ ചാലിയേക്കര തോട്ടില്‍ പരിശോധന നടത്തി. കെവിനെ വാഹനത്തില്‍നിന്ന് ഇറക്കി ഇരുത്തിയതായി പറയുന്ന സ്ഥലം, താഴേയ്ക്കു ചാടിയെന്നു പറയുന്ന സ്ഥലത്തിന്റെ ഉയരം, പുഴയിലേക്കുള്ള ദൂരം, ശരീരം കിടന്ന സ്ഥലം എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. സംഘം വിശദമായ റിപ്പോര്‍ട്ട് അടുത്തയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഫൊറന്‍സിക് വിഭാഗം മേധാവിക്കു നല്‍കും. മേധാവി ഇത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്കു കൈമാറും.
അതേസമയം, ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. പുനലൂരിലെ വീട്ടിലുള്ള രേഖകളാണ് എടുക്കാന്‍ അനുമതി ലഭിച്ചത്. ഏറ്റുമാനൂര്‍ കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് രേഖകള്‍ വീട്ടില്‍ നിന്നെടുക്കാമെന്നായിരുന്നു ഉത്തരവ്. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ചാക്കോയുടെ അപേക്ഷ.
കേസില്‍ പൊലീസ് അന്വേഷണം തുടരവേ പുതിയ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ രംഗത്ത് വന്നിരുന്നു. തന്റെ മകള്‍ മാനസിക രോഗിയാണെന്ന വെളിപ്പെടുത്തലുമായാണ് ചാക്കോ രംഗത്തെത്തിയത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാക്കോ ജോണിന്റെ വാദം.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നാണ് ഹര്‍ജിയില്‍ ചാക്കോ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഇപ്പോള്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ടും മകള്‍ അന്യവീട്ടില്‍ നില്‍ക്കുന്നതുകൊണ്ടുമാണ് തുടര്‍ ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോ നല്‍കിയ ഹര്‍ജി. കെവിന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് പിതാവ് ചാക്കോ ജോണ്‍. യുവാവിന്റെ കൊലപാതക ഗൂഢാലോചനയില്‍ ചാക്കോയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് വാദം. നീനുവിന്റെ സഹോദരന്‍ ഷാനുവിനൊപ്പമാണ് ചാക്കോയെ കണ്ണൂരില്‍ നിന്നും അറസ്റ്റു ചെയ്തത്.
താന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്ന് രഹന നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. കോടതി നിര്‍ദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കും. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമാക്കിയിരുന്നു.
Leave a Comment