‘അമ്മ’ ഈ നിലപാട് തുടര്‍ന്നാല്‍ നിരവധി പേര്‍ സംഘടന വിടും

താരസംഘടനയായ A.M.M.A ഈ നിലപാട് തുടര്‍ന്നാല്‍ നിരവധി പേര്‍ സംഘടന വിടുമെന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. ആക്രമണത്തെ അതിജീവിച്ച നടിയുടെ ഒപ്പം നില്‍ക്കാത്തവര്‍ ചരിത്രത്തില്‍ കുറ്റക്കാരായിരിക്കും. A.M.M.A ക്ക് ഇതിന് വിരുദ്ധമായ നിലപാട് ഉണ്ടെങ്കില്‍ തിരുത്തണം. മനോരമയോടാണ് ചിന്ത ഇക്കാര്യം പറഞ്ഞത്.

പൊതുസമൂഹം നടിക്ക് പിന്തുണ നല്‍കണം. A.M.M.Aയും സഹപ്രവര്‍ത്തകരും ഈ സാഹചര്യത്തില്‍ നടിക്ക് കരുത്ത് പകരുകയാണ് ചെയ്യേണ്ടത്. അതിനു വിമുഖത പ്രകടിപ്പിക്കുന്നവര്‍ ചരിത്രത്തില്‍ തെറ്റുകാരായിരിക്കും.

വ്യത്യസ്തമായ സ്വരങ്ങള്‍ക്ക് പകരം പ്രതിസന്ധിയെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാന്‍ എല്ലാവരും തയാറാകണം. A.M.M.Aയില്‍ നിന്നും നടിക്ക് പിന്തുണമായി രാജിവച്ചര്‍ നേരിന് ഒപ്പമാണ്. ഇപ്പോഴത്തെ സമീപനം തുടര്‍ന്നാര്‍ നിരവധി പേര്‍ A.M.M.Aയില്‍ നിന്നു പുറത്തുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ നടി വാണി വിശ്വനാഥ് രംഗത്തെത്തിയിരിന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് വാണി വിശ്വനാഥ് പറഞ്ഞു. താന്‍ എന്നും ഇരയ്‌ക്കൊപ്പമാണെന്നും മുന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധി ഹൈദര്‍ അലിയുമായി നടത്തിയ സംഭാഷണത്തിലാണ് വാണി വിശ്വനാഥ് നിലപാട് വ്യക്തമാക്കിയത്. ഭര്‍ത്താവ് ബാബുരാജ് കൂടി ഉള്‍പ്പെട്ട കമ്മറ്റി എടുത്ത തീരുമാനത്തിനെതിരെയാണ വാണി രംഗത്തെത്തിയിരിക്കുന്നത്. തീരുമാനത്തോട് ഞാന്‍ വിയോജിക്കുന്നു. കുറ്റവിമുക്തനായതിന് ശേഷം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്താല്‍ മതിയായിരുന്നു. പുതിയ നേതൃത്വത്തിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. വാണി പറഞ്ഞു.

അതേസമയം ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമാണെന്ന് നടന്‍ ലാല്‍ പറഞ്ഞു. യുവ നടിമാര്‍ രാജിവച്ചത് വ്യക്തിപരമായ നിലപാടാണെന്നും പൊലീസ് അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക ഭാരവാഹികളാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നാണ് നടന്‍ ജയസൂര്യ പറഞ്ഞത്.

അതേസമയം, അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ ശത്രുക്കളല്ലെന്നും നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദിലീപ് സംഘടനയ്ക്കയച്ച കത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിടാന്‍ ശ്രമിച്ച് അമ്മയ്ക്ക് ദിലീപ് കത്തയച്ചിരുന്നു. കേസ് അവസാനിക്കുന്നതുവരെ ഒരു സംഘടനയിലും സജീവമാകാനില്ലെന്നുള്ള കത്തിന്റെ പകര്‍പ്പ് ദിലീപ് ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തു. തന്നെ പുറത്താക്കിയ നടപടിയിലെ പിഴവുതിരുത്തിയ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സംഘടനയിലേക്ക് തല്‍ക്കാലമില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കാര്യത്തിലും താന്‍ സമാന നിലപാട് അറിയിച്ചതാണെന്ന് വ്യക്തമാക്കിയ ദിലീപ് തന്റെ പേരില്‍ സംഘടനയെ പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും കുറിച്ചു.

pathram desk 1:
Related Post
Leave a Comment