കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് നടന്മാരായ ലാലും ജയസൂര്യയും. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമാണെന്ന് നടന്‍ ലാല്‍ പറഞ്ഞു. യുവ നടിമാര്‍ രാജിവച്ചത് വ്യക്തിപരമായ നിലപാടാണെന്നും പൊലീസ് അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഔദ്യോഗിക ഭാരവാഹികളാണ് ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്നാണ് നടന്‍ ജയസൂര്യ പറഞ്ഞത്.
അതേസമയം, അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ ശത്രുക്കളല്ലെന്നും നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദിലീപ് സംഘടനയ്ക്കയച്ച കത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിടാന്‍ ശ്രമിച്ച് അമ്മയ്ക്ക് ദിലീപ് ഇന്നലെ കത്തയച്ചിരുന്നു. കേസ് അവസാനിക്കുന്നതുവരെ ഒരു സംഘടനയിലും സജീവമാകാനില്ലെന്നുള്ള കത്തിന്റെ പകര്‍പ്പ് ദിലീപ് ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തു. തന്നെ പുറത്താക്കിയ നടപടിയിലെ പിഴവുതിരുത്തിയ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സംഘടനയിലേക്ക് തല്‍ക്കാലമില്ലെന്ന് ദിലീപ് വ്യക്തമാക്കിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ കാര്യത്തിലും താന്‍ സമാന നിലപാട് അറിയിച്ചതാണെന്ന് വ്യക്തമാക്കിയ ദിലീപ് തന്റെ പേരില്‍ സംഘടനയെ പലരും അപമാനിക്കുന്നതില്‍ സങ്കടമുണ്ടെന്നും കുറിച്ചു.
ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് വനിതാകൂട്ടായ്മയിലും അംഗങ്ങളായ നടി രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ എക്സിക്യുട്ടീവ് വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിനുപിന്നാലെയാണ് ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവന്നത് പുനഃപരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജുലൈ 13നോ 14നോ അമ്മയുടെ നിര്‍വാഹകസമിതി ചേരണമെന്നായിരുന്നു നടി രേവതി ഉള്‍പ്പടെ ആവശ്യപ്പെട്ടത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി യോഗത്തില്‍ അവതരിപ്പിച്ചതാണെന്ന് വിവരം. യോഗത്തിന്റെ തലേദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. സിദ്ധിഖാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം കൈകൊള്ളുകയായിരിന്നു. അജണ്ടയില്‍ ഇല്ലാത്ത ഈ വിഷയം യോഗത്തില്‍ അവതരിപ്പിക്കാന്‍ ആളെ ഏര്‍പ്പെടുത്തിയത് ദിലീപ് തന്നെയാണെന്നാണ് സൂചന. അതനുസരിച്ചാണ് പിറ്റേദവസം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നടന്നതെന്ന് അമ്മയുമായി ബന്ധപ്പെട്ട ചിലര്‍ നല്‍കുന്ന സൂചന.