ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്‍മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയ്യുക?? മൗനം പാലിക്കുന്ന സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ച് രൂപേഷ് പീതാംബരന്‍

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജി വെച്ചത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ താരരാജാക്കന്മാര്‍ ആരും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജോയ് മാത്യൂ, ദേവന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ സംഭത്തെ കുറിച്ച് പ്രതികരിച്ചിരിന്നു. താരരാജാക്കന്മാരുടെ മൗനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ജീവിതത്തില്‍ ഹീറോയിസം ചെയ്യാനറിയാത്ത അണ്ണന്‍മാര്‍ എങ്ങനെയാണ് സ്‌ക്രീനില്‍ പൊരുതുകയെന്ന് സംവിധായകന്‍ ചോദിക്കുന്നു. ഒറ്റയ്ക്ക് പൊരുതി ജയിക്കാന്‍ കഴിയാത്തവര്‍ക്കൊപ്പമാണ് സിനിമാസംഘടനകള്‍ നില്‍ക്കേണ്ടത്. തന്റെ അമ്മയെയും പെങ്ങളെയും കുറിച്ചോര്‍ക്കുമ്പോള്‍ പറയാതിരിക്കാന്‍ സാധിക്കുന്നില്ലെന്നും രൂപേഷ് പറഞ്ഞു.

രൂപേഷിന്റെ പോസ്റ്റ്:

താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫെയ്സ്ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഹീറോയിസം ജീവിതത്തില്‍ ചെയ്യാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയ്യുക?? സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്. PS : ഇത് വൈറല്‍ ആവാന്‍ വേണ്ടിയുള്ള പോസ്റ്റ് അല്ലാ!

എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല.

അതേസമയം, അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാരുടെ ധീരതയെയും അവരുടെ തീരുമാനത്തെയും അഭിനന്ദിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരിന്നു. താനിപ്പോഴും അവരോടൊപ്പമാണ്. അവരെ വിമര്‍ശിക്കുന്ന നിരവധി പേരുണ്ടാകും. എന്നാല്‍ തെറ്റും ശരിയും ഓരോരുത്തരുടെ കാഴ്ചപ്പാടിനെ അനുസരിച്ചാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

അമ്മ സംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് തന്റെ സമ്മര്‍ദ്ദം മൂലമല്ല. ആ ക്രെഡിറ്റ് എനിക്ക് വേണ്ട. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ചെടുത്തതാണ്. തന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ദിലീപിനെ പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന കളവാണ്. ഗണേഷിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാനത് കാര്യമാക്കുന്നില്ല. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തിന് തന്നെ ഉപകരണമാക്കുകയാണെന്നും പൃഥ്വിരാജ് പറയുന്നു.

ഇവിടുത്തെ പല സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ് മറ്റു ഭാഷകളിലേക്ക് പോകാന്‍ കാരണമെന്ന് നടന്‍ ദേവനും തുറന്നു പറഞ്ഞിരിന്നു. തമിഴിലും തെലുങ്കിലും അഭിനയിച്ചത് കൊണ്ടാണ് പിടിച്ചു നിന്നതെന്ന് ദേവന്‍ പറഞ്ഞു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്. വലിയ നടന്‍മാര്‍ സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ദേവന്‍ പറഞ്ഞിരിന്നു. ‘വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്‍മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം’ ദേവന്‍ പറഞ്ഞു.

അതേസമയം, അമ്മയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്ത് വന്നിരിന്നു.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

”ദാ ഇപ്പൊ ശരിയാക്കിത്തരാം”എന്നത് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് ആയിരിക്കാം. എന്നാല്‍ അത് ശരിക്കും നമ്മളെ വിശ്വസിപ്പിച്ചത്
എല്ലാം ശരിയാക്കാം എന്ന് ഇടതുപക്ഷം പറഞ്ഞപ്പൊഴാണു .
ഞാനും അത് വിശ്വസിച്ച് അതോടൊപ്പം നിന്നു.
അതാണല്ലോ അതിന്റെ ഒരു ശരി
”അമ്മ” എന്നത് ഞാന്‍ കൂടി തൊഴിലെടുക്കുന്ന മേഖലയിലെ ഒരു സംഘടനയാണ് .
അതില്‍ മുതലാളിമാര്‍ മുതല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ വരെയുണ്ട് ,നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയൊക്കെത്തന്നെ അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയാണ് അത് -സംഘടക്കുള്ളിലെ പ്രശ്നങ്ങള്‍ സംഘടനക്കുള്ളില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയും ചെയ്യലാണല്ലോ ജനാധിപത്യരീതി , രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി പത്രപ്രവത്തക യൂണിയനില്‍ വരെ നടക്കുന്ന കാര്യങ്ങള്‍
സംഘടനക്കു പുറത്ത് ചര്‍ച്ച ചെയ്യാറില്ലല്ലോ . ഇതും അതുപോലെ കണ്ടാല്‍ മതി .

സംഘടനയില്‍ വിശ്വാസമില്ലാത്തവര്‍ക്ക് രാജിവെക്കുന്നതിനും അവകാശമുണ്ട്
അങ്ങിനെ ”അമ്മ” യിലെ നാല് അംഗങ്ങള്‍ രാജി വെച്ചതിന്റെ പശ്ചാത്തലത്തില്‍ എന്റെ പ്രതികരണം എന്തുകൊണ്ട് വന്നില്ല എന്ന് സ്വാഭാവികമായും എന്നെ അറിയുന്നവരും ചൊറിയുന്നവരും ചോദിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍
എനിക്ക് പറയുവാനുള്ളത് ഇതാണ്
നേരത്തെ ഞാന്‍ പറഞ്ഞല്ലോ
എല്ലാം ശരിയാവും എന്ന് വിശ്വസിച്ച് പോയ ഒരാളെന്ന നിലക്ക് രാജിവെച്ച് പുറത്തുപോയ നടികളെ അനുമോദിച്ചും പിന്തുണച്ചും
മുതിര്‍ന്ന കമ്മ്യൂണിസ്റ് നേതാവ് ബഹുമാനപ്പെട്ട വി.എസ് ,പാര്‍ട്ടി സഖാക്കളായ എം.എ ബേബി ,ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക് ,ശ്രീ കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ രാജിവെച്ച നടികള്‍ക്ക്
പിന്തുണയുമായി രംഗത്ത് വന്നു.
ഇത്തരുണത്തില്‍ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്ന ഇടത് പക്ഷ എം പി യായ സഖാവ് ഇന്നസെന്റ് ,ഇടതുപക്ഷ എം എല്‍ എ മാരായ ശ്രീ മുകേഷ് ,ശ്രീ ഗണേഷ് കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്ന് ഉറ്റു നോക്കുന്ന ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ഞാന്‍
അവര്‍ എടുക്കുന്ന നിലപാട് അറിഞ്ഞിട്ടു വേണം എനിക്കൊരു തീരുമാനമെടുക്കാന്‍
താമസിയാതെ അതുണ്ടാവും എന്ന് മാത്രം ഇപ്പോള്‍ പറയാം

pathram desk 1:
Related Post
Leave a Comment