ദിലീപിനെ പുറത്താക്കില്ല

കൊച്ചി: താരസംഘടനയില്‍ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം വിവാദമായതോടെ ദിലീപിന് അനുകൂല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ മുന്‍വിധികളുടെ അടിസ്ഥവനത്തില്‍ പുറത്താക്കില്ലെന്ന് ഫിയോക് ജനറല്‍ സെക്രട്ടറി എം.സി. ബോബി പറഞ്ഞു. വിവാദങ്ങളും പ്രശ്‌നങ്ങളും തുടര്‍ന്നുകൊണ്ടുപോകുന്നത് എല്ലാവരും സ്വന്തം ചോറില്‍ മണ്ണു വാരിയിടുന്നതുപോലെയാണെന്നും
വിവാദത്തിന് ഇട നല്‍കാതെ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്നു പറയാന്‍ കഴിയില്ല. നിലവില്‍ ഉയരുന്ന വിവാദങ്ങളും പ്രശ്‌നങ്ങളും ഏറ്റവും അധികം പ്രതിസന്ധിയിലാക്കുന്നതു സിനിമാ മേഖലയെ ആണെന്നും എം.സി. ബോബി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ദിലീപിനെതിരേ വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്കു തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. അമ്മയില്‍ ജനാധിപത്യമല്ല, ഏകാധിപത്യമാണ് നടക്കുന്നതെന്നും സംഘടനയിലെ ഇടതുപക്ഷ പ്രതിനിധികളെങ്കിലും രാജിവച്ച നടിമാര്‍ക്കൊപ്പം നിലകൊള്ളേണ്ടതായിരുന്നുവെന്നും വൈശാഖന്‍ പറഞ്ഞു.

പുരുഷാധിപത്യ ബോധത്തിന്റെ ഏറ്റവും വലിയ പ്രകടനമാണ് ‘അമ്മ’യില്‍ നടക്കുന്നത്. സംഘടനയുടെ നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചു രാജി സമര്‍പ്പിച്ച നടിമാര്‍ കേരളത്തിന്റെ നവോത്ഥാന നായികമാരാണ്. ഒരു നടന്‍ മാത്രമാണ് ഈ നടിമാര്‍ക്കു പിന്തുണയുമായി എത്തിയത്. ബാക്കിയുള്ളവര്‍ എന്തു ചെയ്യുകയായിരുന്നു? കഥാപാത്രങ്ങളിലൂടെ നടന്‍മാര്‍ സൃഷ്ടിച്ചെടുത്ത ആദര്‍ശങ്ങളെ തകര്‍ക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം അമ്മയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാലിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കൊച്ചി എളമക്കരയിലെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പ്രതിഷേധക്കാര്‍ മോഹന്‍ലാലിന്റെ വീടിനു മുന്നില്‍ റീത്ത് വച്ചു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

pathram:
Related Post
Leave a Comment