രാജിവെച്ച നടിമാര്‍ അമേരിക്കയില്‍!!! രാജിക്കൊരുങ്ങിയത് സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ടാലും മറുവഴി കണ്ട ശേഷം

തൃശൂര്‍: ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രാജിവെച്ച നാല് നടിമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ അമേരിക്കയില്‍. കൂടിയാലോചിച്ച ശേഷമാണ് ഇവര്‍ രാജിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജിക്ക് പിന്നാലെ വിവാദം കത്തുന്ന വേളയില്‍ നടിമാര്‍ അമേരിക്കയിലേക്ക് തിരിച്ചത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ്. അതേസസമയം ബിഗ് ബോസ് ഷൂട്ടിങ് കഴിഞ്ഞ ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വൈകാതെ ലണ്ടനിലേക്കു യാത്ര തിരിക്കും. ഇടവേള ബാബു യുഎസ് ടീമിലുണ്ടെങ്കിലും അദ്ദേഹം പോകണോ എന്ന് തീരുമാനിച്ചിട്ടില്ല. ജൂലൈ 20 വരെ മിക്കവരും വിദേശത്തു തുടരും.

വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്കു വേണ്ടിയാണു വനിതാസംഘം യുഎസിലേക്ക് പോയത്. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരെല്ലാം അമേരിക്കയിലെ വിവിധ ഷോകളിലുണ്ട്. അമ്മ യോഗത്തിനു ശേഷം ഇവര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായും പ്രമുഖ ഭാരവാഹിയായ ബീന പോളുമായും ഇവര്‍ സംസാരിച്ചു. ഇതിനു ശേഷമാണു നാലുപേര്‍ അമ്മ വിടാന്‍ തീരുമാനിച്ചത്. മഞ്ജുവും പാര്‍വതിയും തല്‍ക്കാലം രാജിവയ്ക്കേണ്ടതില്ല എന്നും ഇവര്‍ കൂട്ടായി എടുത്ത തീരുമാനമാണ്.

ഫെയ്സ്ബുക്കില്‍ എന്തു പോസ്റ്റ് ചെയ്യണമെന്നും കൂട്ടായാണു തീരുമാനിച്ചത്. ഇടുന്ന പോസ്റ്റുകള്‍ പരസ്പരം കാണിക്കുകയും ഇടുന്ന സമയം തീരുമാനിക്കുകയും ചെയ്തിരുന്നു. അച്ഛന്‍ മരിച്ചതിന്റെ പ്രയാസത്തിലായതിനാല്‍ താന്‍ തല്‍ക്കാലം ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുന്നില്ലെന്നു മഞ്ജു ഇവരെ അറിയിച്ചിരുന്നു. തുടര്‍ന്നു പ്രതികരിക്കേണ്ടെന്നും എല്ലാവരും തീരുമാനിച്ചിട്ടുണ്ട്. അതേസമയം മഞ്ജുവിന്റെ മൗനം അവര്‍ രാജിവെച്ചെന്ന വിധത്തിലുള്ള നിഗമനത്തിലേക്ക് എത്താന്‍ കാരണമായിട്ടുണ്ട്. അമ്മ വിടില്ലെന്ന് മോഹന്‍ലാലിനെ വിളിച്ച് മഞ്ജു അറിയിച്ചിട്ടുണ്ട്.

അതേസമയം മലയാള സിനിമ അതിവേഗം മാറുന്ന സമയമായതിനാല്‍ പണ്ട് തിലകനെതിരെ എടുത്ത തിട്ടൂരമൊന്നും ഇനി നടക്കില്ലെന്ന വിലയിരുത്തലുണ്ട്. രാജിവച്ച രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഭാവന, ഗീതു മോഹന്‍ദാസ് എന്നിവര്‍ ഇതോടെ സിനിമയില്‍ നിന്നും പുറത്താകുമെന്ന വിധത്തിലുള്ള പ്രതികരണങ്ങളും വന്നിരുന്നു. എന്നാല്‍, അത്തരം പ്രശ്നങ്ങളൊന്നും ഇവര്‍ നേരിടുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ‘കേള്‍ക്കുന്നുണ്ടോ’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്തേക്കു കളം മാറിയ ഗീതു മോഹന്‍ദാസ്, നിവിന്‍ പോളി നായകനാകുന്ന മൂത്തോന്‍ എന്ന സിനിമയുടെ അണിയറയിലാണ്. മുന്‍പു ‘ലയേഴ്സ് ഡൈസ്’ എന്ന ചിത്രവും ഗീതു സംവിധാനം ചെയ്തിട്ടുണ്ട്.

ഭാവനയുടെ രണ്ടു കന്നഡ ചിത്രങ്ങള്‍ റിലീസാകാനുണ്ട്. ഹണീ ബീ 2.5, ആദം ജോണ്‍ എന്നിവയാണു മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍. രമ്യ നമ്പീശന് മലയാളത്തില്‍ പുതിയ രണ്ടു പടങ്ങളും തമിഴില്‍ ഒരു ചിത്രവും ഉണ്ട്. തമിഴില്‍ സജീവമായതിനാല്‍ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട ആവശ്യം താരത്തിനില്ല. ഗായിക എന്ന നിലയിലും രമ്യ തമിഴില്‍ ശ്രദ്ധേയയാണ്. റിമ കല്ലിങ്കല്‍ പുതിയ ഒരു ചിത്രത്തില്‍ മാത്രമാണു കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. സ്വന്തം ഡാന്‍സ് സ്‌കൂളുമായി സജീവമാണു റിമ. അവസരത്തിനായി ആരെയും സമീപിക്കേണ്ട അവസ്ഥയിലല്ല ഇവരാരും. ഇതില്‍ രണ്ടുപേരുടെ ഭര്‍ത്താക്കന്മാര്‍ മുന്‍നിര സംവിധായകരാണെന്നതും ശ്രദ്ധേയമാണ്. ആഷിഖ് അബു അടക്കമുള്ള നവാഗത സംവിധായകരെല്ലാം പുതതലമുറക്കൊപ്പമുള്ള നിലപാടുകാരാണ്. അതുകാണ്ടു തന്നെ അമ്മയല്ല, മറ്റേത് സംഘടനയുടെയും തിട്ടൂരം വിലപ്പോകില്ലെന്നാണ് പൊതുവേ സിനിമാ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അമ്മയിലെ അംഗങ്ങളായ ചില നടീനടന്മാര്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ഇവരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചതായാണ് വിവരം. അമ്മയുടെ പൊതുയോഗത്തിന് മുന്‍പുള്ള ദിവസങ്ങളിലാണ് പ്രമുഖ നടീനടന്‍മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പോലീസ് നിരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ 20 സാക്ഷികള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ മൊഴികള്‍ കേസില്‍ സുപ്രധാനമാണ്. ഇത് ദീലിപിന് അനുകൂലമാക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്നാണ് വിവരം.മലയാള സിനിമയിലെ ഒരു പ്രമുഖ നടിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ പൊലീസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment