തിരുവനന്തപുരം: മൂന്നാറിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിട നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാവില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
മൂന്നാറിലെ എട്ട് വില്ലേജുകളില്‍ വീട് നിര്‍മ്മാണത്തിന് മൂന്നാര്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കെ.എം മാണി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മേയ് 26ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് മൂന്നാര്‍ മേഖലയില്‍ വീട് നിര്‍മ്മാണത്തിന് അടക്കം എന്‍.ഒ.സി നിര്‍ബന്ധമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് താഴേത്തട്ടിലേക്ക് വന്നപ്പോള്‍ കലക്ടര്‍, സബ്കലക്ടര്‍ തലത്തില്‍ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതാണ് ആശങ്കയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഒ.സി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയതെന്നും അതിനാല്‍ തന്നെ ഏകപക്ഷീയമായി അതു പിന്‍വലിക്കാന്‍ കഴിയില്ലെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
മൂന്നാറിന് പുറമേ, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസ്ം, പള്ളിവാസല്‍, ആനവിരട്ടി, ബൈസന്‍വാലി തുടങ്ങിയ മേഖലകളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വില്ലേജ് ഓഫീസറുടെ എന്‍.ഒ.സി വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവിന്റെ മറവില്‍ സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നും ആവശ്യപ്പെടുന്ന രേഖകളുമായി ചെന്നാലും കസ്തൂരി രംഗന്റെ അന്തിമ വിജ്ഞാപനവുമായി വരണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്വന്തം ഭൂമിയില്‍ കര്‍ഷകര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. റവന്യൂ ഉത്തരവിന്റെ പേരില്‍ സാധാരണക്കാരന് വീട് വയ്ക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അത് അസഹനീയമാണെന്നും കെ.എം മാണി കുറ്റപ്പെടുത്തി.
യു.ഡി.എഫില്‍ നിന്ന് കെ.എം മാണി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനെ അനുകൂലിച്ച് സി.പി.എം അംഗവും ദേവികുളം എം.എല്‍.എയുമായ എസ്.രാജേന്ദ്രനും രംഗത്തെത്തി. ഇവന്റ് മാനേജ്‌മെന്റ് വഴി ഐഎഎസ് നേടിയ ചില ഉദ്യോഗസ്ഥരാണ് പ്രശ്‌നക്കാര്‍. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ചില ഉത്തരവുകള്‍ പുറത്തിറക്കുന്നുണ്ട്. അവ പിന്‍വലിക്കണം. ഇത് തന്നെയാണ് കെ.എം മാണി പറയുന്നതെന്നാണ് താന്‍ കരുതുന്നതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.
Leave a Comment