കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മലയാള ചലചിത്ര താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനം. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ചുമതലയേറ്റശേഷമാണ് നിര്‍ണായക തീരുമാനം എടുത്തത്. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ ആദ്യജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്.
ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് പകരം മോഹന്‍ലാല്‍ പ്രസിഡന്റാകുകയും മമ്മൂട്ടിക്കം പകരം ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുകയും ചെയ്ത ശേഷമുള്ള ആദ്യജനറല്‍ ബോഡി യോഗത്തില്‍ അംഗങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു. യുവതാരങ്ങള്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസി സംഘടനയില്‍ അംഗങ്ങളായ വനിതാ താരങ്ങളും ഇന്നത്തെ യോഗത്തിന് എത്തിയില്ല. പൃഥ്വിരാജ്, നിവിന്‍ പോളി, ടോവിനോ തോമസ് എന്നീ പ്രമുഖരാണ് പങ്കെടുക്കാതിരുന്നത്. ഡബ്ല്യുസിസി അംഗങ്ങളായ വനിതാ താരങ്ങളും പങ്കെടുത്തില്ല. ഇതിനാല്‍ ദിലീപിന് അനുകൂലമായ തീരുമാനമെടുക്കുന്നതിന് ജനറല്‍ബോഡി യോഗത്തിന് ഏറെ വിഷമിക്കേണ്ടിവന്നില്ല.
യോഗത്തില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞതില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. പൊതുയോഗത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പതിവ് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നില്ല. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ അറിയിച്ചത്.
മുകേഷാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവരും ചുമതലയേറ്റു. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്.
അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ യോഗത്തില്‍ ധാരണയായി. തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവരം ദിലീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞശേഷമാകും അന്തിമതീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.
യോഗം തുടങ്ങിയപ്പോള്‍ തന്നെ ദിലീപിനെ പിന്തുണച്ച് താരങ്ങള്‍ രംഗത്തെത്തി. നടി ഊര്‍മ്മിള ഉണ്ണിയാണ് ദിലീപ് വിഷയം അംഗങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ദിലീപിനെ ഉടനടി പുറത്താക്കിയത് ശരിയായില്ലെന്ന് ഊര്‍മ്മിള ഉണ്ണി പറഞ്ഞു. എന്നാല്‍, അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശദീകരിച്ചു.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെ ആയിരുന്നെന്ന് അഭിപ്രായം മറ്റ് താരങ്ങളും തുറന്ന് പറഞ്ഞു. നടന്‍ സിദ്ധിഖിന്റെ നേതൃത്വത്തിലായിരുന്നു ദിലീപിനായി താരങ്ങള്‍ അണിനിരന്നത്. വനിതാ താരങ്ങളും ഇതിനെ ശക്തമായി തന്നെ പിന്തുണച്ചു. കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കുന്നതിന് മുന്പ് വിശദീകരണം തേടാന്‍ പോലും തയ്യാറായില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. കുറ്റം ചെയ്തവന് കോടതിയില്‍ പോലും തന്റെ ഭാഗം ന്യായീകരിക്കാനുള്ള അവകാശമുണ്ട്.
എന്നാല്‍ ഇവിടെ ദിലീപിന് അത് നിഷേധിക്കപ്പെടുകയായിരുന്നു. പുറത്താക്കിയതിനെതിരെ ദിലീപ് കോടതിയെ സമീപിക്കാതിരുന്നത് ആശ്വാസകരമായെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടു. നിയപരമായ മാര്‍ഗങ്ങള്‍ ദിലീപ് സ്വീകരിച്ചിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അഭിപ്രായത്തോടും താരങ്ങള്‍ യോജിച്ചു. തന്റെ കാലത്ത് സംഘടനയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്ന സാഹചര്യം ഉണ്ടാകാതിരുന്നതില്‍ ആശ്വസിക്കുന്നതായി മുന്‍ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തത്വത്തില്‍ ധാരണയായി. പ്രശ്‌നം എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.
ഉച്ചയ്ക്ക് ശേഷം എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നപ്പോഴും താരങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്നാണ് തിരിച്ചെടുക്കുന്ന കാര്യത്തില്‍ ദിലിപീന്റെ കൂടി അഭിപ്രായം അറിയാന്‍ തീരുമാനിച്ചത്. തിരിച്ചെടുക്കാന്‍ ഏകദേശ ധാരണയായെന്നും അക്കാര്യം ദിലിപീനെ അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞശേഷം മതി അന്തിമ തീരുമാനമെന്നും മോഹന്‍ലാല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Leave a Comment