സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചത്; ഇനി ആവര്‍ത്തിക്കില്ല; ഒടുവില്‍ മാപ്പു പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം: അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തിലെ വിവാദങ്ങള്‍ക്ക് അവസാനമായി. ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞതോടെയാണ് തര്‍ക്കം ഒത്തുതീര്‍പ്പിലായത്. സംഭവിക്കാന്‍ പാടില്ലാത്തതാണു സംഭവിച്ചതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകള്‍. പത്തനാപുരത്തെ എന്‍എസ്എസിന്റെ താലൂക്ക് യൂണിയന്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗണേഷിന്റെ മാപ്പുപറച്ചില്‍. ഇതോടെ കേസും ഒത്തുതീര്‍പ്പായി.

ഇതു സംബന്ധിച്ച പരസ്യപ്രതികരണത്തിനു ഗണേഷോ പരാതിക്കാരോ തയാറായില്ല. ഗണേഷിന്റെ പിതാവ് ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ഒത്തുതീര്‍പ്പു ചര്‍ച്ച. അക്രമത്തിനിരയായ അനന്തകൃഷ്ണന്റെ അമ്മ ഷീനയും ബന്ധുക്കളും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. അരമണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച.

ഗണേഷ് ഒന്നുകില്‍ പരസ്യമായി മാപ്പു പറയണം അല്ലെങ്കില്‍ മാപ്പ് എഴുതി നല്‍കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. മാപ്പു പറഞ്ഞതോടെ കേസ് പിന്‍വലിക്കുകയാണെന്ന് ഷീനയും ബന്ധുക്കളും അറിയിച്ചു. ഗണേഷിന്റെ സഹായി അഞ്ചല്‍ സ്‌റ്റേഷനില്‍ അനന്തകൃഷ്ണനെതിരെ നല്‍കിയ കേസും പിന്‍വലിക്കും. എന്‍ജിനീയറിങ് ബിരുദധാരിയായ അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ജനപ്രതിനിധിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു എന്നായിരുന്നു കേസ്.

സംഭവത്തില്‍ തുടക്കം മുതല്‍ എന്‍എസ്എസ് പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നു. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ബാലകൃഷ്ണ പിള്ള. ഷീനയുടെ അകന്ന ബന്ധുവുമാണ്. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു വഴിയൊരുങ്ങിയത്.

ജൂണ്‍ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് ഷീനയും മകന്‍ അനന്തകൃഷ്ണനും എംഎല്‍എയുടെ ഉപദ്രവത്തിന് ഇരകളായി എന്നാണു പരാതി. ഇടുങ്ങിയ റോഡില്‍, ഗണേഷ്‌കുമാറിന്റെ കാറിന് എതിര്‍ദിശയില്‍ കാറില്‍ വന്ന അനന്തകൃഷ്ണന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗണേഷ്‌കുമാര്‍ അനന്തകൃഷ്ണനെ മര്‍ദിക്കുകയും തടസ്സം പിടിക്കാന്‍ചെന്ന ഷീനയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്‌തെന്നാണു പരാതി.

എന്നാല്‍ ഗണേഷിനെതിരെ ദുര്‍ബല വകുപ്പുകളാണു ചുമത്തിയത്. മര്‍ദനമേറ്റ അനന്തകൃഷ്ണനെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ ഒളിച്ചുകളി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനിടെ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അടിയന്തരമായി ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷിന്റെ ഭാഗത്തു നിന്നു ശ്രമമുണ്ടായത്.

ഗണേഷ്‌കുമാര്‍ റോഡില്‍വച്ചു കയ്യില്‍ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നായിരുന്നു ഷീനയുടെ മൊഴി. എംഎല്‍എയ്‌ക്കെതിരെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനു സ്വീകരിക്കുന്ന വകുപ്പുകള്‍ ചുമത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിനു ശ്രമം ആരംഭിച്ചത്. നിയമസഭയില്‍ ഉള്‍പ്പെടെ താന്‍ നിരപരാധിയാണെന്ന കാര്യം ഗണേഷ്‌കുമാര്‍ ആവര്‍ത്തിച്ചിരുന്നു. മാധ്യമങ്ങള്‍ക്കു തന്നോടുള്ള ശത്രുതയാണു സംഭവത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ചിട്ടും ഒത്തുതീര്‍പ്പിനു ശ്രമിച്ചത് വിവാദത്തിലേക്കു നയിച്ചിരുന്നു. എന്തായാലും മാപ്പു പറയാന്‍ തയാറായതോടെ വിവാദങ്ങള്‍ക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്.

pathram:
Leave a Comment